സമൂഹമാദ്ധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് നടൻ ജയസൂര്യ. അദ്ദേഹത്തിന്റെ സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണങ്ങൾ പലപ്പോഴും ചർച്ചയാകാറുമുണ്ട്. താരം പലകാര്യങ്ങളിലും സൂഷ്മമായ ഇടപെടലുകളും നടത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ശ്രദ്ധയിൽപ്പെട്ട ഒരു വിഷയം മറ്റുള്ളവർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് ജയസൂര്യ.
ജയസൂര്യ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. വിമാനക്കമ്പനിയായ ഇൻഡിഗോയെ പ്രശംസിച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ സ്റ്റോറി. വിമാനയാത്രക്കിടെ ടിക്കറ്റ് ചെക്കിംഗിനെത്തിയ ഒരു ഗ്രൗണ്ട് സ്റ്റാഫ് പെൺകുട്ടിയുടെ കയ്യിലുണ്ടായിരുന്ന ഒരു ബാഡ്ജ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനെ കുറിച്ചുള്ള അനുഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
”എനിക്ക് കേൾക്കാനും സംസാരിക്കാനും കഴിയില്ല, എങ്കിലും എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയും” എന്നായിരുന്നു ബാഡ്ജിൽ എഴുതിയിരുന്നത്. ഈ ബാഡ്ജിന്റെ ചിത്രവും പെൺകുട്ടിയുടെ ചിത്രവും സ്റ്റോറിയായി പങ്കിട്ടാണ് ജയസൂര്യ ഇൻഡിഗോയ്‌ക്ക് അഭിനന്ദനം അറിയിച്ചത്.
ബാഡ്ജ് ശ്രദ്ധയിൽപ്പെട്ടതോടെ ജയസൂര്യ പെൺകുട്ടിയെ പരിചയപ്പെടുകയും അവരുടെ സമ്മതത്തോടെ ആ അനുഭവം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. പെൺകുട്ടിയുടെ അനുവാദത്തോടെ തന്നെയാണ് അവളുടെ ചിത്രങ്ങൾ പകർത്തിയതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്നും താരം പറയുന്നു.
ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് അവളുടെ സമൂഹത്തിലെ ഉന്നമനത്തിന് സഹായിച്ചതിന് ഇൻഡിഗോയെ അഭിനന്ദിക്കുകയും ചെയ്തിരിക്കുകയാണ് താരം. ”ഇത് വിസ്മയകരമാണ്. ഇൻഡിഗോയ്‌ക്ക് അഭിനന്ദനങ്ങൾ” എന്ന കുറിപ്പോടെയാണ് ജയസൂര്യ ചിത്രങ്ങൾ പങ്കുവെച്ചത്.
”ഇവരും നമ്മളെപ്പോലെ അല്ലെങ്കിൽ എന്നെപ്പോലെ തന്നെയാണ്. നമ്മുടെ കാഴ്ചപ്പാടിലാണ് അവർക്കു കുറവുകളുള്ളത്. സത്യത്തിൽ അവരും മിടുക്കന്മാരും മിടുക്കികളുമാണ്. അവർ നമ്മളെപ്പോലെ തന്നെ ജോലി ചെയ്ത് ജീവിക്കാൻ അർഹതപ്പെട്ടവരും കഴിവുള്ളവരുമാണ്. ആ കഴിവുകൾ നമ്മൾ കാണാതെ പോകുന്നതാണ് ഏറ്റവും വലിയ കുറവ്. അതാണ് ഇൻഡിഗോ ഇവിടെ കണ്ടെത്തിയത്. ” എന്നായിരുന്നു സംഭവത്തെ കുറിച്ച് ജയസൂര്യയുടെ വാക്കുകൾ.
Comments