കന്നട സിനിമയിലെ സൂപ്പർ താരമാണ് ശിവ രാജ്കുമാർ. ഒരു പക്ഷേ ജയിലർ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്കിടയിലും ശിവണ്ണ ഒരു സ്ഥാനം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ ആ ആവേശത്തിന് ഒന്നുകൂടി ആക്കം കൂട്ടാനായി പുതിയ വാർത്തകൾ പുറത്തു വന്നിരിക്കുകയാണ്. ഉടൻ തന്നെ താരം ഒരു മലയാള സിനിമയിൽ അഭിനയിക്കും എന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഇക്കാര്യത്തിൽ ഔദ്യോഗികമായ അറിയിപ്പുകളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും താരത്തിന്റെ വാക്കുകൾ ആരാധകരെ ആവേശത്തിലെത്തിക്കുകയാണ്.
പൃഥ്വീരാജിനൊപ്പമായിരിക്കും ശിവണ്ണ മലയാളത്തിൽ എത്തുക എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. എന്നാൽ ആ വാർത്തയ്‌ക്കും സ്ഥിരീകരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് മലയാള സിനിമയിൽ തനിക്ക് ഏറെ ഇഷ്ടമുള്ള താരം പൃഥ്വിരാജാണെന്ന് ശിവണ്ണ പറഞ്ഞിരുന്നു. ജയിലറിന്റെ വിജയത്തിന് ശേഷം എപ്പോഴാണ് മലയാളത്തിലേയ്‌ക്ക് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ലെങ്കിലും ഉടൻ തന്നെ ശിവണ്ണയുടെ മാസ് വരവ് മലയാളത്തിൽ ഉറപ്പിക്കുകയാണ് ആരാധകർ.
ഒരു സൂപ്പർ താരത്തെ കൂടെ എൽ 2 -ൽ എത്തിക്കുമെന്ന് പൃഥ്വിരാജ് നേരത്തെ സൂചന നൽകിയിരുന്നു. ഇത് ശിവണ്ണയായിരിക്കും എന്നാണ് ആരാധകർ വിലയിരുത്തുന്നത്. അതേസമയം ശിവണ്ണ എത്തുക എമ്പുരാനിൽ ആയിരിക്കും എന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതുമല്ലെങ്കിൽ ഹോംബാലെ ഫിലിംസ് ഒരുക്കുന്ന ടൈസൺ എന്ന ചിത്രത്തിൽ പൃഥ്വീരാജിനൊപ്പമായിരിക്കും ശിവണ്ണ എത്തുക.















