ന്യൂഡൽഹി: ആറ് മാസത്തെ കാത്തിരിപ്പ്, ലിബിയയിലെ ജയിൽ അകപ്പെട്ടുപോയ 17 യുവാക്കൾക്ക് മോചനം. വിദേശകാര്യമന്ത്രാലയത്തിന്റെ നിരന്തര സമ്മർദ്ധത്തിന്റെ ഫലമായാണ് യുവാക്കളുടെ മോചനം സാധ്യമായത്. കഴിഞ്ഞ ദിവസമാണ് സംഘം ഡൽഹിയിൽ തിരിച്ചെത്തിയത്.
ഇറ്റലിയിലേക്ക് ജോലി നൽകാമെന്ന് പറഞ്ഞാണ് ട്രാവൽ ഏജന്റുമാർ ഇവരെ കബളിപ്പിച്ചത്. ഒടുവിൽ ലിബിയയിൽ എത്തിയ സംഘം ട്രിപ്പോളിയിലെ ജയിലിലാകുകയായിരുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ഒരാളിൽ നിന്നും 13 ലക്ഷം രൂപ വീതം ട്രാവൽ ഏജന്റുമാർ കൈപ്പറ്റിയതായാണ് റിപ്പോർട്ട്. മെയ് 26 നാണ് കുടുംബാംഗങ്ങൾ സംഭവം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ലിബിയയിലെ ഇന്ത്യൻ അംബാസഡറും വിദേശകാര്യമന്ത്രാലയവും സംഭവത്തിൽ ശക്തമായി ഇടപെട്ടു. തുടർന്ന് ലിബിയൻ അധികൃതർ യുവാക്കളെ മോചിപ്പിക്കാൻ സമ്മതിക്കുകയായിരുന്നു.
ലിബിയയിൽ അകപ്പെട്ട സമയത്ത് യുവാക്കൾക്കുള്ള ഭക്ഷണവും മരുന്നുകളും വസ്ത്രങ്ങളും ഉൾപ്പെടെയുള്ളവ ഇന്ത്യൻ എംബസി എത്തിച്ച് നൽകിയിരുന്നു. പാസ്‌പോർട്ടില്ലാത്തതിനാൽ എമർജൻസി സർട്ടിഫിക്കറ്റ് നൽകിയാണ് യാത്ര സാധ്യമാക്കിയത്. ഇന്ത്യയിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് നൽകിയതും ഇന്ത്യൻ എംബസിയാണ്.
Comments