പാലക്കാട്: തൃത്താല ക്ഷേത്രത്തിൽ വീണ്ടും മോഷണം. കണ്ണനൂർ ഭഗവതിക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. മൂന്ന് ഭണ്ഡാരങ്ങളിൽ നിന്നായി ഏകദേശം പതിനെട്ടായിരം രൂപയാണ് മോഷ്ണം പോയതായാണ് കണക്ക്. പണത്തോടൊപ്പം ക്ഷേത്രത്തിലെ സാധന സാമഗ്രികളും മോഷണം പോയിട്ടുണ്ട്.
രാവിലെ നടതുറക്കാൻ എത്തിയ പൂജാരിയാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിൽ കിടക്കുന്നത് കണ്ടത്. സമീപത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ തെളിഞ്ഞിട്ടുണ്ട്. മോഷ്ടാവ് ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നതും തുണികൊണ്ട് ക്യാമറ മൂടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
പോലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും ക്ഷേത്ര പരിസരത്ത് പരിശോധന നടത്തിയിരുന്നു. പ്രദേശത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി മോഷണ സംഭവങ്ങൾ തുടർക്കഥയാണ്.
Comments