അത്തം പിറന്നതോടെ പൊന്നോണ നാളിലേക്കുള്ള കാത്തിരിപ്പിലാണ് മലയാളികൾ. എല്ലായിടത്തും വിവിധ തരത്തിലുള്ള ഓണാഘോഷ പരിപാടികൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. പൂക്കള മത്സരം തന്നെയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇതിന് പുറമേ ഉറിയടി. വടംവലി, നീന്തൽ മത്സരങ്ങൾ, കസേരകളി, നാരങ്ങാ സ്പൂൺ എന്നിങ്ങനെ എണ്ണിയാൽ തീരാത്തത്ര മത്സരങ്ങൾ. മുമ്പൊക്കെ വിജയികൾക്ക് വസ്ത്രങ്ങൾ, ട്രോഫി, പാത്രങ്ങൾ എന്നിവയായിരുന്നു നൽകിയിരുന്നതെങ്കിൽ ഇപ്പോഴിതാ പതിവിലും വ്യത്യസ്തത പിടിക്കുന്നിടങ്ങളുമുണ്ട്.
അത്തരത്തിൽ ദിവസങ്ങൾക്ക് മുമ്പ് സമൂഹമാദ്ധ്യമങ്ങളിൽ ഇടം നേടിയ തിരുവോണ ബംബർ നറുക്കെടുപ്പ് എന്ന പേരിൽ പ്രചരിച്ച രസീതാണ് ചർച്ചാ വിഷയം. ഇതിൽ സമ്മാനങ്ങളായി പ്രഖ്യാപിച്ചിരുന്നത് മദ്യങ്ങളായിരുന്നു എന്നതാണ് ഇത് വൈറലാകാനുള്ള കാരണവും. 27-ാം തീയതി നറുക്കെടുക്കുന്ന ബംബറിന്റെ ഒന്നാം സമ്മാനം ഫുൾ ബോട്ടിൽ ബക്കാർഡി ഗുവയായിരുന്നു. രണ്ടാം സമ്മാനം ജോൺ ഓഫ് ആർക്ക് ഒരു ലിറ്ററും മൂന്നാം സമ്മാനം 12 കിംഗ് ഫിഷറുമായിരുന്നു. നാലാം സമ്മാനം ബ്രോക്കോഡ് മൂന്നെണ്ണം. അഞ്ചാം സമ്മാനം ജവാൻ ഒരു ലിറ്റർ. പ്രോത്സാഹന സമ്മാനം അഞ്ച് പേർക്ക് ക്വാർട്ടർ എന്നിവയായിരുന്നു 20 രൂപ വിലയുള്ള ടിക്കറ്റിന്റെ സമ്മാനഘടന.
സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് നിമിഷ നേരം കൊണ്ടായിരുന്നു ഇവ വൈറലായത്. എന്നാൽ ഈ പോസ്റ്റിന് പിന്നാലെ പ്രഖ്യാപനവുമായി എക്‌സൈസ് രംഗത്തെത്തിയിരിക്കുകയാണ്. ഓണക്കാലത്ത് ക്ലബ്ബുകളോ കലാ സമിതികളോ നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് മദ്യം സമ്മാനമായി നൽകുകയാണെങ്കിൽ ഇത് ശിക്ഷാർഹമാണെന്ന് എക്‌സൈസ് വ്യക്തമാക്കി. സംഭാവന രസീത് നറുക്കെടുത്ത് മദ്യം സമ്മാനമായി നൽകുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. മദ്യമോ മറ്റു ലഹരി വസ്തുക്കളോ സമ്മാനമായി നൽകുന്നത് അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പ് പ്രകാരം കുറ്റകരമാണെന്നും ആറ് മാസം വരെ തടവോ 25000 രൂപ പിഴയോ രണ്ടും കൂടി ചേർന്നതോ ആയ ശിക്ഷയാണ് ലഭിക്കുക എന്നും എക്സൈസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments