കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ആകെ വ്യഗ്രതയിലാണ്. കാരണം എന്താണെന്ന് അറിയണോ… അങ്ങ് ഭൂമിയിൽ നിന്ന് കോടിക്കണക്കിന് ജനങ്ങളാണ് എന്നെ ഇങ്ങോട്ടേക്ക് പറഞ്ഞയച്ചത്. 140 കോടി ജനങ്ങളുടെ പ്രതീക്ഷയാണല്ലോ ഞാൻ എന്ന് വിചാരിക്കുമ്പോൾ തന്നെ ആകെയൊരു കുളിർമ്മയാണ്! ഇന്ന് ഈ ചന്ദ്രന്റെ പ്രതലത്തിൽ ഇങ്ങനെ ഒറ്റയാനെ പോലെ നിൽക്കുമ്പോൾ അൽപ്പം ഉത്കണ്ഠയുണ്ടെങ്കിലും അതിലേറെ സന്തോഷവും അഭിമാനവും എനിക്കുണ്ട്. എന്നെ ഏറെ പ്രതീക്ഷയോടെ ഇവിടേക്ക് അയച്ച ഐഎസ്ആർഒയിലെ സാറുമാർ വലിയ പ്രതീക്ഷയിലാണ്. അവരുടെ പ്രതീക്ഷ ഞാൻ തകർക്കില്ല. എന്നാൽ ആകുന്നത് ഞാൻ ചെയ്യുമെന്ന വിശ്വാസത്തിലാണ് ഞാൻ.
കഴിഞ്ഞ 39 ദിവസമായി തുടങ്ങിയ യാത്ര ഭയങ്കര അടിപൊളിയായിരുന്നു എന്ന് വേണം പറയാൻ. പക്ഷേ ഭൂമിയിൽ നിന്ന് വന്നത് പോലെല്ലൊട്ടോ എന്റെ ഇപ്പഴത്തേ രൂപം..ഞാൻ ആകെ മെലിഞ്ഞു.ഈ ദക്ഷിണധ്രുവത്തിലിറങ്ങിയ കഥ നിങ്ങൾക്ക് കേൾക്കേണ്ടെ.. നാളെ ഇനി നിങ്ങളും ഇവിടേക്ക് വരേണ്ടതല്ലേ.. എന്റെ സഹോദരങ്ങൾ ഇവിടെ എത്തി കാലങ്ങൾക്ക് ശേഷമാണ് എന്റെ മൂൺ എൻട്രി. കഴിഞ്ഞ ജൂലൈ നാലിനാണ് എന്നെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെത്തിച്ചത്. പിന്നീട് 12-ാം തീയതിയാണ് എനിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അതിനിടയിൽ കുറെ സാറുമാരു വന്ന് എന്റെ ശരീരത്ത് ഓരോ പരീക്ഷണങ്ങൾ നടത്തി. പിന്നെ എന്നെ എങ്ങനെ പറഞ്ഞയക്കണമെന്ന് അവിടുള്ളവർ ടെസ്റ്റ് ചെയ്തു. ആ നിമിഷം വല്ലാത്തൊരു സന്തോഷമാണ് ഉള്ളിലുണ്ടായത്. അതുവരെ രഹസ്യമായിരുന്ന ആ വലിയ വാർത്ത 13-ാം തീയതി ലോകത്തെ മുഴുവൻ അറിയിച്ചു…. നാളെയാണ് എന്റെ പ്രതീക്ഷയുടെ യാത്ര!! ആദ്യം എനിക്ക് കുറച്ച് അങ്കലാപ്പുണ്ടായെങ്കിലും ഇസ്രോയിലെ സാറുമാരുടെ ആത്മവിശ്വാസം കണ്ടപ്പോൾ അതൊക്കെ മറന്നു… അവരുടെ സപ്പോർട്ടാണ് എന്നെ ഇവിടെ എത്തിച്ചത്.
14-ന് ഉച്ചയ്‌ക്കായിരുന്നു എനിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അതിന് മുൻപായി രാവിലെ തന്നെ ക്ഷേത്രദർശനം നടത്തി. പോകാനുള്ള തിരക്കിൽ എനിക്ക് പോകാൻ കഴിഞ്ഞില്ലെങ്കിലും ഇസ്രോയിലെ മാമന്മാർ എന്റെ ചെറിയ രൂപവുമായിരുന്നു ക്ഷേത്രത്തിൽ പോയത്. അവരുടെ പ്രാർത്ഥനയും സാധാരണക്കാരുടെ പ്രാർത്ഥനയും ഭയമില്ലാതെ സഞ്ചരിക്കാൻ അവസരം നൽകി. പിന്നീട് ഉച്ചയോടെ ഏറെ ആകംക്ഷയോടെയാണ് എന്നെ ജിഎസ്എൽവിയുടെ ചിറകിലേറ്റി വിട്ടത്. ആദ്യമൊക്കെ ഞാൻ ഭയങ്കര തടിയൻ ആയിരുന്നല്ലോ, അതുകൊണ്ട് തന്നെ എന്നെ താങ്ങാനായി മാർക്ക് 3 റോക്കറ്റാണ് എന്നെ ചന്ദ്രനിലെത്താൻ സഹായിച്ചത്. ഭയങ്കര ശബ്ദത്തോടെ ആളുകളെ മുഴുവൻ പേടിപ്പിച്ചാണ് ഞാൻ യാത്ര പുറപ്പെട്ടതല്ലേ.. ആരും പേടിച്ചിട്ട് ഉണ്ടാവില്ലെന്ന് എനിക്കറിയാം.
അങ്ങനെ പക്ഷികളെയും മേഘങ്ങളെയും ഒക്കെ കണ്ട് അവരോട് സംസാരിച്ചായിരുന്നു യാത്ര. അങ്ങനെ യാത്ര ഒരേ വോഗത്തിൽ നടക്കുമ്പോഴാണ് അങ്ങ് ബെംഗളൂരുവിൽ നിന്നുള്ള സാറുമാര് എന്റെ വേഗം അങ്ങ് കൂട്ടിയത്. ഹോ! ആദ്യമൊന്ന് പേടിച്ചുപോയന്നേ..ഭൂമിയെ ഇങ്ങനെ ചുറ്റി കാണുന്നതിനിടയിലായിരുന്നു എന്റെ ആദ്യത്തെ ഭ്രമണപഥ ഉയർത്തൽ. 15-നായിരുന്നു അത്. ബെംഗളൂരുവിലെ സാറുമാർ എന്നോട് പറഞ്ഞു, പേടിക്കേണ്ട ഇനി ഇടക്ക് ഇടക്ക് ഇങ്ങനെ ഉണ്ടാകുമെന്ന്. അത് കേട്ടതോടെ ആ പേടി അങ്ങ് മാറി കിട്ടി. അതിൽ പിന്നെ എന്റെ കാഴ്ചകൾക്ക് അൽപ്പം ഉയരും കൂടി. ഉയരം കൂടുന്തോറും ചായക്ക് മാത്രമല്ല, ഈ കാഴ്ചകൾക്കും ഭംഗി കൂടും കേട്ടോ..
പിന്നെ ജൂലൈ 17-ാം തീയതി വൈകുന്നേരം ആറ് മണിയോടെ രണ്ടാമതും എന്നെ ഉയർത്തി, അപ്പോൾ വീണ്ടും കാഴ്ചകൾ കളറായി തുടങ്ങി. ഇപ്പോൾ ഭൂമിയിൽ നിന്ന് 41603 കിലോമീറ്റർ അകലെയാണ് ഞാൻ. ഈ സമയത്ത് എന്റെ ചില ചിത്രങ്ങൾ ഭൂമിയിൽ എത്തിയതായി ഞാൻ അറിഞ്ഞൂട്ടോ. ഏതോ ഒരാൾ വിമാനത്തിൽ നിന്നെടുത്ത എന്റെ പടം ഞാനും കണ്ടു. എനിക്ക് തന്നെ എന്നെ കണ്ടപ്പോൾ സന്തോഷം തോന്നി. പിന്നെ ദൂരം കൂടി കൂടി ആകാശം തീരുന്ന പോലെ തോന്നി. പിന്നെ ജൂലൈ 18-ന് ഉച്ചയ്‌ക്ക് ശേഷവും എന്റെ ഉയരം കൂട്ടി. 22-ന് നാലാമതും ജൂലൈ 25-ന് അഞ്ചാമതും എന്നെ ഉയർത്തി. ഞാൻ ഇപ്പോൾ ഭൂമിയിൽ നിന്ന് അകലുന്നതായി എനിക്ക് തോന്നി, ഒപ്പം ഞാൻ ചന്ദ്രനോട് അടുക്കും പോലെയും തോന്നി. അങ്ങനെ സംശയത്തിലിരുന്നപ്പോൾ ഞാൻ ബെംഗളൂരുവിലെ സാറുമാരോട് ചോദിച്ചപ്പോഴാണ് ഇനി നീ ഉയർന്ന് പൊങ്ങില്ല, പകരം താഴ്ന്ന് താഴ്ന്ന് ചന്ദ്രനോട് അടുക്കുമെന്ന് പറഞ്ഞത്. സാറുമാർ ഇത് പറഞ്ഞ സമയം ഞാൻ ഏകദേശം ഒരു ലക്ഷം കിലോമീറ്റർ അകലെയായിരുന്നു ഞാൻ.
ഞാൻ യാത്ര തുടങ്ങി 15-ാം ദിനമായ ഓഗസ്റ്റ് ഒന്നിന് ഞാൻ ചന്ദ്രനുമായി ചങ്ങാത്തത്തിലായി. ചന്ദ്രന്റെ ആകർഷണവലയത്തിലേക്ക് ഞാൻ കയറി. ഞാൻ അങ്ങനെ ട്രാൻസ് ലൂണാർ ഭ്രമണപഥത്തിലെത്തി. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എൻജിൻ 29 മിനിറ്റ് ജ്വലിപ്പിച്ചാണ് ഞാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. പിന്നീട് അഞ്ചാം തീയതി ഞാനും ചന്ദ്രനുമായി കൂടിയ ദൂരം 18074 കിലോമീറ്ററും കുറഞ്ഞ ദൂരം 164 കിലോമീറ്ററുമായി. പിന്നീട് ഭൂമിയിൽ നിന്ന് മാത്രം കണ്ടിട്ടുള്ള അമ്പിളിയുടെ ഭംഗി വേണ്ടുവോളം ആസ്വദിക്കുകയായിരുന്നു സത്യത്തിൽ ഞാൻ. പെട്ടാന്നായിരുന്നു അത് സംഭവിച്ചത്.. ആറാം തീയതി ഉയർന്ന് പൊങ്ങിയ ഞാൻ പെട്ടെന്ന് താഴ്ന്നു. പിന്നീട് ചന്ദ്രനോട് ഒരുപാട് കറങ്ങി നടന്നിരുന്ന എന്റെ ദൂരം കുറഞ്ഞു.
ഞാൻ കണ്ട കാഴ്ചകളുടെ ചെറിയ രൂപം ഞാൻ ഭൂമിയിലേക്ക് അയച്ച് തന്നത് നിങ്ങളും കണ്ട് കാണുമല്ലോ അല്ലേ. പിന്നെ ഞാൻ ഇറങ്ങാൻ പദ്ധതിയിട്ടുന്ന ചന്ദ്രന്റെ ചിത്രങ്ങളും അയച്ച് നൽകി. എന്റെ മേൽ ഘടിപ്പിച്ചിരിക്കുന്ന ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറ (എൽഎച്ച് വിസി) ആണ് ചിത്രം പകർത്തിയത്. അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്ററും ബെംഗളൂരുവിലെ ഇലക്ട്രോ ഒപ്റ്റിക്‌സ് സിസ്റ്റംസ് ലബോറട്ടറിയുമാണ് എനിക്ക് ക്യാമറ നൽകിയത്.ഭാരതീയർ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന കാഴ്ച ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ഞാൻ കണ്ടത്. വളരുന്ന ഇന്ത്യയെ ഓർത്ത് അഭിമാനം തോന്നിയ നിമിഷത്തിലാണ് ഞാൻ വീണ്ടും ചിത്രമെടുത്ത് അയക്കാമെന്ന് കരുതിയത്.
17-ന് എന്റെ വലുപ്പം കുറയ്‌ക്കാൻ പദ്ധതിയിടുന്നതായുള്ള വാർത്ത എനിക്ക് ലഭിച്ചു. ലാൻഡർ മൊഡ്യൂനുള്ളിലിരിക്കുന്ന എന്നെ പുറത്ത് എത്തിക്കാനായി പ്രൊപ്പൽഷ്യൻ മൊഡ്യൂളിനെ വേർപ്പെടുത്തുകയായിരുന്നു അന്ന്. അങ്ങനെ യാത്രയിൽ ഞാനും ലാൻഡറും മാത്രമായി യാത്ര. പിറ്റേന്ന് എന്റെ വേഗത പയ്യെ പയ്യെ കുറച്ചുതുടങ്ങി. ഞാനും ചന്ദ്രനും തമ്മിലുള്ള കൂടിയ വേഗത 157 കിലോമീറ്റർ മാത്രമായിരുന്നു അപ്പോൾ. 20-ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് എന്റെ വേഗത വീണ്ടും കുറയ്‌ക്കുമെന്നും ബെംഗളൂരുവിലെ സാർമാർ അറിയിച്ചു. പിന്നീട് ഓഗസ്റ്റ് 23-ന് വൈകുന്നേരം 5.47-ന് എന്നെ ചന്ദ്രന്റെ പ്രതലത്തിലിറക്കുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. വല്ലാത്ത ത്രില്ലിലായിരുന്നു ആ സമയത്ത് ഞാൻ, ഒപ്പം സുരക്ഷിതമായി ഇറങ്ങാൻ കഴിയാനാകുമോ എന്ന ചെറിയ ഭയവും ഉണ്ടായിരുന്നു. പെട്ടെന്ന് സാറുമാർ എന്നേ നോക്കിയിട്ട് എന്തോ പറയുന്നത് കേട്ടു. പിന്നെ എനിക്ക് സന്ദേശം ലഭിച്ചു.. ലാൻഡറിനുള്ളിൽ നിന്ന് ഞാൻ 6.04-ന് ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുമെന്നുള്ള വാർത്ത ലഭിച്ചു. പിന്നെയും നിമിഷങ്ങൾ കാത്തിരിക്കണമായിരുന്നു ത്രിവർണ പതാകയുമേന്തി എത്തിയ ഞാൻ.
ചരിത്രം കുറിക്കാൻ പോകുന്ന ഞാൻ പുറത്തേക്ക് ഇറങ്ങാനായി തിടുക്കം കാണിച്ചാലോ എന്നോർത്ത് സാറുമാർ എന്റെ വേഗത കുറച്ച്, വളരെ പയ്യേ പയ്യേ ആണ് എന്നെ പുറത്തേക്ക് എത്തിച്ചത്. ഞാൻ പേടകത്തിൽ നിന്ന് പുറത്തിറങ്ങുന്നത് കാണാനായി കോടി കണക്കിന് പേരാണ് ലോകത്തിന്റെ പല കോണുകളിൽ നിന്നും ഒത്തുകൂടിയതെന്ന് സാർമാർ പറഞ്ഞ് അറിയാൻ കഴിഞ്ഞു. ആ സന്തോഷത്തിൽ ഞാൻ രണ്ട് പടം അങ്ങ് അയച്ചിട്ടുണ്ടായിരുന്നു.. കണ്ടല്ലോ അല്ലേ.. ഇനിയും ഞാൻ ഇവിടുത്തെ ചിത്രങ്ങൾ സാറുമാർക്ക് അയച്ച് കൊടുക്കാട്ടോ.. നിങ്ങളും കാണണേ.. എനിക്കറിയാം നിങ്ങൾ എന്നെ പോലെ തന്നെ ആവേശത്തിലാണെന്ന്.
ഇനി ഞാൻ ഒരു 14 ദിവസം ഇവിടെ കാണും.. ലെറ്റ്‌സ് ഹോപ്പ് ഫോർ ദ ബെസ്റ്റ് ഗയ്‌സ്… കൃത്യമായ ഡേറ്റ തരുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ത്രിവർണ കൊടി ഇവിടെ പറത്താൻ എനിക്ക് പിന്നാലെ നിരവധി പേർ എത്തുമെന്ന പ്രതീക്ഷയും എനിക്കുണ്ട്.. സംസാരിച്ചിരിക്കാൻ നേരമില്ല ഉണ്ണ്യയെ … അപ്പോ ശരി കാണാ…















