തൃശൂർ: ഗുരുവായൂരിൽ തൃപ്പുത്തരി ചടങ്ങ് പൂർണമായി. ആറരയോടെ പത്തുകാർ വാര്യർ അളവ് പാത്രം ഉപയോഗിച്ച് 41 നാരായം പുന്നെല്ല് കുത്തിയുണക്കി ഉണ്ടാക്കിയ കുത്തരി അളന്നു നൽകി. ശേഷം അളന്നു ചൊരിഞ്ഞ പുന്നെല്ലിൽ കുത്തരി ഉപയോഗിച്ച് ക്ഷേത്രം കീഴ്ശാന്തിമാർ തിടപ്പള്ളിയിൽ നിവേദ്യം തയാറാക്കി. ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ഉച്ചപൂജയ്‌ക്ക് ഗുരുവായൂരപ്പന് ഈ പുത്തരി നിവേദിച്ചു.
അപ്പവും, പഴം നുറുക്കും, ഉപ്പുമാങ്ങയും കൂടാതെ കാളൻ, എരിശ്ശേരി പഴംപ്രഥമൻ, ഉറത്തൈര്, വെണ്ണ, വറുത്തുപ്പേരി എന്നീ വിഭവങ്ങളും നിവേദിച്ചു. പുത്തരി നിവേദ്യത്തിന് പിന്നാലെ ഉച്ച ശീവേലിയും ഉണ്ടായിരുന്നു. 13 കീഴ്ശാന്തി നമ്പൂതിരി കുടുംബങ്ങളിലെ നൂറിലേറെ പേർ ചേർന്നാണ് 1,200 ലിറ്റർ പുത്തരിപായസം തയാറാക്കിയത്. 2,64,000 രൂപയുടെ പുത്തരിപായസമാണ് ഭക്തർ ശീട്ടാക്കിയത്. ഉച്ചപൂജയ്‌ക്ക് പിന്നാലെ പായസം ഭക്തർക്ക് നൽകി.















