ജയ്പൂർ: ചന്ദ്രയാൻ-3 ലെ യാത്രക്കാർക്ക് അഭിനന്ദനമെന്ന വിചിത്ര ആശംസയുമായി രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രി. കായിക മന്ത്രി അശോക് ചന്ദാണ് ചാന്ദ്ര ദൗത്യം എന്താണെന്ന് പോലും മനസ്സിലാക്കാതെ ആശംസ നേർന്ന് സ്വയം പരിഹാസ്യനായത്. രാജ്യത്തിന്റെ അഭിമാന പദ്ധതിയെക്കുറിച്ച് സ്വന്തം മന്ത്രിക്ക് അടിസ്ഥാന വിവരം പോലുമില്ലെന്നത് കോൺഗ്രസിന് നാണക്കേടായി.
ചന്ദ്രയാൻ-3 ന്റെ ഭാഗമായി ഇന്ത്യ ചന്ദ്രനിലേക്ക് അയച്ചത് ആളില്ല പേടകമാണ്. മനുഷ്യനെ എത്തിക്കാനുള്ള ദൗത്യമല്ലെന്നിരിക്കെ മന്ത്രിയുടെ പ്രസ്തവന സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. ചന്ദ്രയൻ-3 ന്റെ സോഫ്റ്റ് ലാൻഡിംഗിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ചന്ദ്രയാനിലെ ‘യാത്രക്കാരെ’ രാജസ്ഥാൻ മന്ത്രി അഭിനന്ദിച്ചത്.
ചന്ദ്രാപരിതലത്തിന്റെ ദക്ഷിണധ്രുവത്തിൽ സുരക്ഷിതമായ ലാൻഡിംഗ് നടത്തുന്ന ‘യാത്രക്കാരെ സല്യൂട്ട്’ ചെയ്യുന്നുവെന്നും മന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. നമ്മുടെ രാജ്യം ശാസ്ത്രത്തിലും ബഹിരാകാശ ഗവേഷണത്തിലും ഒരു പടി കൂടി മുന്നോട്ട് പോയി. ഇതിന് ഞാൻ നാട്ടുകാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ചന്ദ്രയാനിലെ ‘യാത്രക്കാരെ’ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പും വീഡിയോയും സമൂഹ മാദ്ധ്യമമായ എക്സി്സിലും മന്ത്രി പങ്കുവച്ചിട്ടുണ്ട്.
Comments