ഡൽഹി: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. അതിർത്തി വിഷയത്തിലെ ഇന്ത്യയുടെ നിലപാട് നരേന്ദ്രമോദി വ്യക്തമാക്കി. എൽഎസിയിലെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളിലുള്ള ഇന്ത്യയുടെ ആശങ്കയും അതിർത്തിയിൽ സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ഷീ ജിൻപിംഗിനോട് പ്രധാനമന്ത്രി വ്യക്തമാക്കി.
കിഴക്കൻ ലഡാക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷി ജിൻപിംഗും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര പറഞ്ഞു. അതിർത്തിയിൽ നിന്നും ഘട്ടംഘട്ടമായി സൈനികരോട് പിൻമാറാനാണ് ഇരു രാജ്യങ്ങളും ആവശ്യപ്പെടുക. നേരത്തെ ജോഹന്നാസ്ബർഗിൽ ബ്രിക്സ് നേതാക്കൾ നടത്തിയ മാദ്ധ്യമ സമ്മേളനത്തിന് മുന്നോടിയായി മോദിയും ഷി ജിൻപിംഗും ആശയവിനിമയം നടത്തിയിരുന്നു.
ഇന്ത്യ – ചൈന അതിർത്തി പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടി സമ്മേളിച്ചത്. ബ്രിക്‌സിന്റെ(ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് നരേന്ദ്രമോദിയും ഷി ജിൻപിംഗും ദക്ഷിണാഫ്രിക്കൻ നഗരമായ ജോഹന്നാസ്ബർഗിലെത്തിയത്. കഴിഞ്ഞ വർഷം നവംബറിൽ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയും പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ-ചൈന 19-ാമത് സൈനികതല ചർച്ച നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മോദി-ഷി കൂടിക്കാഴ്ച നടന്നിരിക്കുന്നത്.
Comments