ബെംഗളൂരു: ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ വിജയകരമായി ഇറക്കിയതിൽ ഇസ്രോ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞന്മാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി ശനിയാഴ്ച(ഇന്ന്) ബെംഗളൂരുവിലെത്തി. ബെംഗളൂരുവിലെ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് സെന്ററിൽ (ISTRAC) പ്രധാനമന്ത്രി സന്ദർശനം നടത്തും.
ബെംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുമെന്നും ഐഎസ്ആർഒയുടെ ഭാവി ലക്ഷ്യങ്ങളെപ്പറ്റി ചർച്ച ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ചന്ദ്രയാൻ-3 ദൗത്യത്തിലെ കണ്ടെത്തലുകളെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ശാസ്ത്രജ്ഞന്‍മാര്‍ പ്രധാനമന്ത്രിയെയും ധരിപ്പിക്കും. സംഭവബഹുലമായ 40 ദിവസത്തെ യാത്രയ്‌ക്ക് ശേഷം, ആഗസ്റ്റ് 23-നാണ് ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ വിജയകരമായി ലാൻഡിംഗ് നടത്തിയത്.
ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ചന്ദ്രന്റെ ക്ഷിണധ്രുവത്തിൽ തൊടുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിയിരുന്നു. ജൂലൈ 14-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽവിഎം 3) മിസൈൽ ഉപയോഗിച്ച് വിക്ഷേപിച്ച ചന്ദ്രയാൻ-3 ദൗത്യം ചരിത്രപരമായ ഒരു നാഴികക്കല്ല് തീർക്കുകയായിരുന്നു. ചന്ദ്രയാൻ 3 യുടെ വിജയം ഐഎസ്ആർഒയുടെ ബഹിരാകാശ ശ്രമങ്ങളിലെ മറ്റൊരു വഴിത്തിരിവായി.















