അന്തരിച്ച നടി സുബിയുടെ ജന്മവാർഷികത്തിൽ ഓർമകൾ പങ്കുവെച്ച് കുടുംബം. സുബിയുടെ യൂട്യൂബ്ചാനലിലൂടെയാണ് വീട്ടിൽ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ കുടുംബാംഗങ്ങൾക്കൊപ്പം സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. സുബി ഈ വീട്ടിൽ ഇല്ലെങ്കിലും എവിടെയോ ഉണ്ടെന്ന തോന്നലിലാണ് ജീവിക്കുന്നതെന്ന് സഹോദരൻ പറഞ്ഞു. എപ്പോഴും തങ്ങള്‍ സന്തോഷത്തോടെ കാണാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് സുബിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
എല്ലാ പിറന്നാളിനും കേക്ക് മുറിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ചേച്ചി. അതിനാൽ, ഈ വർഷവും ചേച്ചിയ്ക്ക് വേണ്ടി ഞങ്ങൾ കേക്ക് വാങ്ങിയിട്ടുണ്ട്. ചേച്ചി ഇത് കാണുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നുണ്ടെന്നാണ് വീഡിയോയിലൂടെ സഹോദരി പറഞ്ഞത്.
ഫെബ്രുവരി 22 നാണ് കരൾ സംബന്ധമായ രോഗത്തെതുടർന്ന് സുബി വിടപറഞ്ഞത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയായിരുന്നു അന്ത്യം. കരൾ മാറ്റിവെയ്ക്കൽ നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെ ആയിരുന്നു മരണം സംഭവിച്ചത്. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകള്‍ കരള്‍ ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. അതിനിടെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു മരണം.
പുരുഷമേല്‍ക്കോയ്മയുണ്ടായിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന സുബി മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും സുബി വേഷമിട്ടിരുന്നു. ടെലിവിഷന്‍ ഷോകളിലൂടെയാണ് താരം ജനപ്രീതിനേടിയത്.
Comments