യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഉൾപ്പെട്ട നാലംഗ സംഘത്തിന് പകരം പുതിയ സംഘത്തെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് നാസ. നാസയും സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകവും ഈ കഴിഞ്ഞ ശനിയാഴ്ചയാണ് നാല് സഞ്ചാരികളുമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്.
അമേരിക്കയിൽ നിന്നും ജാസ്മിൻ മൊഗ്‌ബെലിയാണ് ക്രൂ-7 ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഡെൻമാർക്കിലെ ആൻഡ്രിയാസ് മൊഗാൻസൻ, ജപ്പാനിലെ സതോഷി ഫുരുകാവ, റഷ്യയിലെ കോൺസ്റ്ററിൻ ബോറിസോവ് എന്നിവരുമാണ് യാത്രയിലുള്ളത്. നാസയുടെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്റർ ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ നിന്നാണ് വിക്ഷേപണം നടന്നത്.
വിക്ഷേപണത്തിനോടനുബന്ധിച്ച് കാണികളായെത്തിയ 10,000 പേർക്ക് മുന്നിൽ നിന്നാണ് ഫാൽക്കൺ 9 റോക്കറ്റ് ഡ്രാഗൺ ബഹിരാകാശ പേടകവുമായി കുതിച്ചുയർന്നത്. പുലർച്ചെ 3.27-നാണ് വിക്ഷേപണം നടന്നത്. ഫാൽക്കൺ 9 റോക്കറ്റ് ഡ്രാഗൺ ക്രാഫ്റ്റിൽ നിന്നും ഭ്രമണപഥത്തിലെത്തി ക്രൂവുമായി വേർപിരിഞ്ഞു. 30 മണിക്കൂറിനുള്ളിൽ പേടകം ബഹിരാകാശ നിലയത്തിലെത്തും.
അടുത്ത വെള്ളിയാഴ്ച നെയാദിയും സംഘവും ഭൂമിയിലേക്ക് തിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഘം യാത്ര തിരിച്ചിരിക്കുന്നത്. ഇവർക്ക് പൂർത്തിയാക്കാനാകാത്ത ദൗത്യങ്ങൾ ക്രൂ-7 അംഗങ്ങൾ ഏറ്റെടുക്കും. കഴിഞ്ഞ മാർച്ച് മൂന്നിനാണ് നെയാദിയും സംഘവും ബഹിരാകാശ നിലയത്തിലെത്തുന്നത്.















