ന്യൂഡൽഹി: രാജ്യത്തിന്റെ അനന്ത സാധ്യതകളെ പുറം ലോകത്തെ അറിയിക്കാനുള്ള വേദിയാണ് ജി20 അദ്ധ്യക്ഷപദവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജന പങ്കാളിത്തത്തോടെയാണ് ജി20 ഉച്ചകോടികൾ നടത്തുന്നത്. വരുന്ന മാസത്തെ ഉച്ചകോടിയിൽ ജനങ്ങളാകണം മുൻപന്തിയിലെന്നും അന്താരാഷ്‌ട്ര പ്രതിനിധികളെ സ്വീകരിക്കാൻ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. 104-ാമത് മൻ കി ബാത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ ജന പങ്കാളിത്തം ഉണ്ടാകണമെന്നും ആഗോളതലത്തിൽ തന്നെ ഉച്ചകോടിയെ വിജയകരമാക്കാൻ കഴിയണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണ് അടുത്ത മാസം നടക്കാനിരിക്കുന്നത്. രാജ്യത്തെ 60 നഗരങ്ങളിലായി ഇതുവരെ 200-ഓളം യോഗങ്ങൾ സംഘടിപ്പിച്ചു. ജി-20 പ്രതിനിധികൾ പോകുന്നിടത്തെല്ലാം ആളുകൾ അവരെ സ്നേഹപൂർവം സ്വീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും ഊർജ്ജസ്വമായ സംവിധാനങ്ങളും ജനാധിപത്യ സംവിധാനവും അനുഭവിച്ചറിയാൻ പ്രതിനിധികൾക്ക് കഴിഞ്ഞു. ഇന്ത്യയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ആഫ്രിക്കൻ യൂണിയനും ജി-20 യിൽ പങ്കുച്ചേർന്നത്. ആഫ്രിക്കൻ ജനതയുടെ ശബ്ദവും ആഗോളതലത്തിൽ പ്രതിഫലിക്കാൻ ഇത് കാരണമായി.
‘വോക്കൽ ഫോർ ലോക്കൽ’ എന്ന ആഹ്വാനത്തെ ശക്തിപ്പെടുത്താനും പ്രാദേശിക കരകൗശല തൊഴിലാളികളുടെ ഉന്നമനത്തിനും ജി20 അദ്ധ്യക്ഷപദവി സഹായകമായി. ഇന്ത്യ സന്ദർശിച്ച ജി20 പ്രതിനിധികൾക്ക് കലാപരമായ സവിശേഷതകളും മറ്റും കണ്ട് ആശ്ചര്യവും അത്ഭുതവും ഉണ്ടായി. കലാരംഗത്തെ വൈവിധ്യം പ്രകടിപ്പിക്കും വിധത്തിലുള്ള പരിപാടിയാണ് ഗുജറാത്തിലെ സൂറത്തിൽ സംഘടിപ്പിച്ചത്. ‘സാരി വാക്കത്തോണിൽ’ 15 സംസ്ഥാനങ്ങളിൽ നിന്നായി 15,000 സ്ത്രീകളാണ് പങ്കെടുത്തത്. പരിപാടി സൂറത്തിന്റെ തുണി വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിന് കാരണമായി. കരകൗശല തൊഴിലാളികൾ ഇന്ന് ആഗോളതലത്തിൽ പ്രഥമ സ്ഥാനമാണ് നേടിയിരിക്കുന്നത്.
സെപ്റ്റംബർ 9, 10 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. യൂറോപ്യൻ യൂണിയനിലെയും ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും 30-ലധികം രാഷ്‌ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്‌ട്ര സംഘടനാ മേധാവികളും ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കും.
Comments