ജയസൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘കത്തനാർ: ദി വൈൽഡ് സോർസറർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് പുറത്ത്. ‘ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ’, ‘ജോ ആൻഡ് ദ ബോയ്’, ‘ഹോം’ എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏവരും കാത്തിരിക്കുന്ന ജയസൂര്യയുടെ ഫാന്റസി ഹൊറർ ചിത്രം 2024-ൽ തിയേറ്ററുകളിൽ എത്തും. ഫാന്റസി ഹൊറർ ത്രില്ലറായാണ് ചിത്രം എത്തുന്നത്.
ഫാന്റസിയും ആക്ഷനും ഹൊററും ചേർന്ന ഒരു ഗംഭീര വിഷ്വൽ ട്രീറ്റായിരിക്കും ചിത്രമെന്ന സൂചനയാണ് ഫസ്റ്റ് ഗ്ലിംസിൽ നിന്നും ലഭിക്കുന്നത്. ജയസൂര്യയ്ക്ക് പുറമെ നടി അനുഷ്ക ഷെട്ടി, കുൽപ്രീത് യാദവ്, കിരൺ അരവിന്ദാക്ഷൻ, സനൂപ് സന്തോഷ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ഇന്ത്യൻ സിനിമയിൽ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാണ് കത്തനാർ.
ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ റിലീസ്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ.രാമാനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം: രാഹുൽ സുബ്രഹ്മണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂർത്തി, കോ പ്രൊഡ്യൂസേഴ്സ്: വി.സി പ്രവീൺ, ബൈജു ഗോപാലൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, വിഎഫ്എക്സ് സൂപ്പർവൈസര്‍: വിഷ്ണുരാജ്, വെർച്വൽ പ്രൊഡക്ഷൻ ഹെഡ്: സെന്തിൽ നാഥൻ, കോസ്റ്റ്യും ഡിസൈനര്‍: ഉത്തര മേനോൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടര്‍: ജെജെ പാർക്ക്.
Comments