ഹൈദരാബാദ്: രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ-എൽ 1 ന്റെ വിക്ഷേപണം ഹൈദരാബാദിലെ ബിഎം ബിർള പ്ലാനിറ്റോറിയത്തിൽ തത്സമയസംപ്രേക്ഷണം ചെയ്യും. തത്സമയ വിക്ഷേപണം ഓൺലൈനായും കാണാനാകും. സൂര്യനും ആദിത്യ-എൽ1 ദൗത്യവും എന്ന വിഷയത്തിൽ ശാസ്ത്ര സെമിനാറും നടക്കുമെന്ന് ബിഎം ബിർള സയൻസ് സെന്റർ ആൻഡ് പ്ലാനിറ്റോറിയം ഡയറക്ടർ കെ.ജി.കുമാർ അറിയിച്ചു. വിക്ഷേപണത്തോടനുബന്ധിച്ച് നമ്മുടെ സൂര്യൻ’ എന്ന വിഷയത്തിൽ ഒരു ഓപ്പൺ ഹൗസ് ക്വിസ് മത്സരവും സംഘടിപ്പിക്കും. മത്സരത്തിൽ എല്ലാവർക്കും പങ്കെടുക്കാമെന്നും കെ.ജി.കുമാർ പറഞ്ഞു.
സൂര്യനെക്കുറിച്ച് വിശദമായ പഠനം നടത്താൻ ഏഴ് വ്യത്യസ്ത പേലോഡുകളാണ് ആദിത്യ എൽ-1-ൽ സജ്ജീകരിച്ചിട്ടുള്ളത്. ഇവയിൽ നാലെണ്ണം സൂര്യനിൽ നിന്നുമുള്ള പ്രകാശത്തെ നിരീക്ഷിക്കുകയും മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെക്കുറിച്ചും പഠനങ്ങൾ നടത്തുകയും ചെയ്യും. എമിഷൻ ലൈൻ കോറോണഗ്രാഫ് (വിഇഎൽസി)എന്ന പേടകം പ്രതിദിനം 1440 ചിത്രങ്ങൾ പകർത്തി അയക്കും.
രാവിലെ 11.50-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ആദിത്യ എൽ-1 ന്റെ വിക്ഷേപണം നടക്കുക. ജനുവരിയിലാണ് പേടകം ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഫെബ്രുവരി അവസാനത്തോടെ ആദ്യ ചിത്രങ്ങൾ ലഭിക്കുമെന്നാണ് വിവരം. ആദിത്യ എൽ-1 ന്റെ ഏറ്റവും പ്രധാനപ്പെട്ട പേലോഡായ വിഇഎൽസി ഫെബ്രുവരിയിലാകും പ്രവർത്തനസജ്ജമാകുന്നത്.
Comments