രജനികാന്തിനെ നായകനാക്കി നെൽസൻ സംവിധാനം ചെയ്ത ജയിലർ ബോക്സ്ഓഫീസ് വേട്ട തുടരുകയാണ്. 500 കോടിക്ക് മുകളിൽ ഇതിനോടകം ചിത്രം സ്വന്തമാക്കി കഴിഞ്ഞിരുന്നു. ഇപ്പോഴും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. ഇപ്പോഴിതാ സിനിമയുടെ ഒടിടി തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സെപ്റ്റംബർ ഏഴിനാണ് ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിക്കുക. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാകും ജയിലർ ഒടിടിയിൽ എത്തുക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഓൺലൈനിൽ ചോർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയുടെ ഒടിടി റിലീസ് തീയതി വെളിപ്പെടുത്തിയിരിക്കുന്നത്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ‘ജയിലർ’ ഓഗസ്റ്റ് 10-നാണ് തിയറ്ററുകളിലെത്തിയത്. മോഹൻലാലും കന്നട സൂപ്പർ സ്റ്റാർ ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രജനീകാന്തിനൊപ്പം മോഹൻലാൽ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ജയിലർ.
Comments