ആലപ്പുഴ: കാക്കയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന. പട്ടം പറപ്പിക്കാൻ കെട്ടിയ നൈലോൺ നൂലിൽ കുടുങ്ങിയ കാക്കയെയാണ് അഗ്നിരക്ഷാസേന രക്ഷിച്ചത്. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ട് കഴിയാതെ വന്നപ്പോൾ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് സംഭവം. ചാത്തനാട് ശ്മശാനത്തിന് സമീപം വൈദ്യുതി ലൈനിൽ ചുറ്റിയ നൈലോൺ നൂലിലാണ് കാക്ക കുടുങ്ങിയത്. കുട്ടികൾ കയറ്റിയ പട്ടം പൊട്ടി അതിന്റെ നൂൽ വൈദ്യുതി ലൈനിൽ കുരുങ്ങി കിടന്നു. ഇതോടൊപ്പം പട്ടം നിർമിക്കാൻ ഉപയോഗിച്ച അലുമിനിയം ഫോയിലും തൂങ്ങി കിടന്നു. അലുമിനിയം ഫോയിലിൽ ആകർഷിച്ചു വന്നാണ് കാക്ക നൈലോൺ നൂലിൽ കുടുങ്ങിയത്. തുടർന്ന് അഗ്നിരക്ഷാസേന രക്ഷിക്കുകയായിരുന്നു.
നൈലോൺ നൂലും അലുമിനിയം ഫോയിലും ഉപയോഗിച്ച് പട്ടം നിർമിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിപണിയിൽ ഇത് സുലഫമാണ്. ചാത്തനാട് കൂടാതെ നഗരത്തിൽ പലയിടങ്ങളിൽ നിന്നും പട്ടത്തിന്റെ നൂലിൽ കാക്ക കുടുങ്ങിയതായി വിവരം ലഭിച്ചെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
Comments