സുന്ദരേശ്വരഭഗവാൻ ഒരു മദയാനയെ സംഹരിച്ചതാണ് ഇരുപത്തി രണ്ടാമത്തെ ലീല. വിക്രമ പാണ്ഡ്യ രാജാവ് ശ്രേഷ്ടനായ ശിവഭക്തനായിരുന്നു. നീതിയോടും ധർമ്മത്തോടും കൂടി അദ്ദേഹം രാജ്യം ഭരിച്ചു. അക്രമികളെ ശിക്ഷിച്ചും സാധുക്കളെ രക്ഷിച്ചും ജീവിതം നയിച്ച രാജാവ് കുബേരതുല്യനായി ശോഭിച്ചു. രാജ്യത്തിൽ സദ്ഭരണം കാഴ്ച വച്ചതിന്റ ഫലമായി വൈദിക ധർമ്മം വർദ്ധിച്ചു. ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും സസന്തോഷം ഭസ്മവും രുദ്രാക്ഷവും ധരിച്ചു. എല്ലാവരും സ്വകർമ്മങ്ങൾ ചെയ്തുകൊണ്ടും ശിവലിംഗത്തെ പൂജിച്ചുകൊണ്ടും സസുഖം ജീവിച്ചു. പാപശമനത്തിനു വേണ്ടി പാണ്ഡ്യരാജാവ് സുന്ദരേശ്വരലിംഗത്തെ എല്ലാ ദിവസവും പൂജിച്ചു.മൂലദേവാലയത്തിന്റ വടക്കുപടിഞ്ഞാറായി ഒരു ആലയം നിർമ്മിച്ചു ജ്ഞാനസിദ്ധന്റ രൂപം പ്രതിഷ്ഠിച്ചു.ത്രികാലങ്ങളിലും പൂജയും നിശ്ചയിച്ചു. പിതാവായ അഭിഷേക പാണ്ഡ്യൻ ഏൽപ്പിച്ച ഭരണകാര്യങ്ങൾ പുത്രൻ ഭംഗിയായി നിർവ്വഹിച്ചു.സ്വയംകൃതമായ പുണ്യം കൊണ്ടും പ്രജകൾ ചെയ്യുന്ന പുണ്യകർമ്മങ്ങൾ കൊണ്ടും മംഗലമൂർത്തിയായ ജ്ഞാന സിദ്ധേശ്വരന്റ കാരുണ്യകടാക്ഷങ്ങൾ കൊണ്ടും രാജാവിന് ധൈര്യം,സൗന്ദര്യം, സമ്പത്ത്, ആരോഗ്യം, കീർത്തി തേജസ് വീര്യം എന്നിവ വർദ്ധിച്ചു. ശിവസംബന്ധമായ പുരാണങ്ങളും ശാസ്ത്രങ്ങളും സശ്രദ്ധം കേൾക്കുകയും ഭാവനയിൽ കാണുകയും ചെയ്തു.സുന്ദരേശ്വരാനുഗ്രഹത്താൽ രാജാവിനെ എതിർക്കുവാൻ ഒരു ശത്രുപോലും ഉണ്ടായില്ല.
ശിവപാദധ്യാനസ്ഥനായി രാജ്യം ഭരിക്കുന്ന പാണ്ഡ്യരാജാവിന്റ നന്മയും ഐശ്വര്യവും കണ്ടപ്പോൾ ചോളരാജാവിന് അദ്ദേഹത്തേട് അസൂയ ഉണ്ടായി.പോരാടി ജയിക്കുവാനോ ചതിയിൽ ജയിക്കുവാനോ സാധിക്കില്ലെന്ന് അറിയാമായിരുന്ന ചോളാധിപതി മന്ത്രവാദത്താൽ പാണ്ഡ്യ രാജാവിനെ വധിക്കാമെന്ന് വിശ്വസിച്ച് ചോളരാജാവ് അതിനുള്ള നടപടികൾ ആരംഭിച്ചു.ആദ്യം ചെയ്തത് മന്ത്രവാദികളെ ക്ഷണിച്ച് വരുത്തുന്ന വരുത്തുക എന്നുള്ളകർമ്മമായിരുന്നു.”സഹ്യം,ഗോവർദ്ധനം,ക്രൗഞ്ചം,ത്രികുടം,അഞ്ചനം ,വിന്ധ്യം,ഹേമകൂടം.കാഞ്ചീകുഞ്ചരം,” എന്നീ എട്ടു പർവ്വതങ്ങളിൽ വസിക്കുന്ന മന്ത്രവാദികൾ രാജസന്നിധിയിലെത്തി അവർ ഒന്നിച്ചു സമ്മേളിച്ചു. നാഗന്മാർ എന്നറിയപ്പെടുന്ന അവർ അരയിൽ തോലുടുത്തവരും മുടിയില്ലാത്തവരും ആയിരുന്നു. ഒരു കയ്യിൽ കമണ്ഡലുവും മറ്റേ കയ്യിൽ പീലിയും ഉണ്ടായിരുന്നു.(കമണ്ഡലു,കിണ്ടി,ജലപാത്രം) ആഗതരായ അവർ തങ്ങളുടെ വശീകരണ പാണ്ഡിത്യം ചോളരാജാവിനെ അറിയിച്ചു.അവർ പീലികൊണ്ട് രാജാവിന്റ ശിരസ്സിൽ സ്പർശിച്ച്അനുഗ്രഹിച്ചു. അതിനുശേഷം ആ നാഗന്മാർ രാജാവിന്റ ആഞ്ജ സ്വീകരിക്കുവാൻ തയ്യാറായി നിന്നു.അവരോട് അദേഹം ഇങ്ങനെ പറഞ്ഞു.’എന്റ ശത്രുവായ പാണ്ഡ്യ രാജാവിനെ വധിച്ച് എന്നെ രക്ഷിക്കുവാനാണ് നീങ്ങളെ വരുത്തിയത്.കാലതാമസം കൂടാതെ ആഭിചാരം ചെയ്ത് (ആഭിചാരം -മാന്ത്രികമായ മരണാദി കർമ്മം) പാണ്ഡ്യരാജാവിനെ വധിച്ചാൽ ഞാൻ രാജ്യത്തിന്റ പകുതിഭാഗം നൽകാം.
നാഗന്മാർ പാണ്ഡ്യരാജ്യത്തിലെ നദീതീരത്ത് ചെന്ന്ഒരു യാഗശാല നിർമ്മിച്ചു.അവിടെ ഒരു ഹോമകുണ്ഡവും തയ്യാറാക്കി.വിഷവൃക്ഷങ്ങൾ മുറിച്ച് കെട്ടുകളാക്കി കൊണ്ടുവന്ന് ഹോമകുണ്ഡത്തിലിട്ട് അഗ്നിജ്വലിപ്പിച്ചു.പാണ്ഡ്യരാജാവ് വധിക്കപ്പെണമെന്ന സങ്കല്പത്തോടുകൂടി ഹോമം ആരംഭിച്ചു.പല വിഭാഗത്തിൽപ്പെട്ട പക്ഷി മൃഗാദികളുടെ രക്തം ഹോമിച്ചു.ഹോമാഗ്നിയിൽ നിന്നും ഉയർന്ന പുക ആകാശത്തോളം ഉയർന്നു.പർവ്വതതുല്യമായ ഒരു ഗജം ഉണ്ടായി.സന്തുഷ്ടരായ മന്ത്രവാദികൾ മധുരപുരത്തേയും പാണ്ഡ്യരാജാവിനെയും കൊല്ലാൻ ആനയോട് ആവശ്യപ്പെട്ടു.ഉടൻ തന്നെ ആന വലിയ അഹങ്കാരത്തോടുകൂടകൂടി ഗർജ്ജിച്ചും ഫുൽക്കാരത്തോടുകൂടി ജനങ്ങളെ വിറപ്പിച്ചും സഞ്ചരിച്ചു.ആനയുടെ ആടിക്കോണ്ടിരിക്കുന്ന ചെവികളിൽ നിന്നു ഉണ്ടാകുന്ന കാറ്റിനാൽ മേഘങ്ങൾ ചിന്നിച്ചിതറി.മാലാദി വൃക്ഷങ്ങളെ തകർത്തു കൊണ്ട് പർവ്വതങ്ങളെ പിഴുതെടുത്തും സഞ്ചരിച്ച ആന മധുരാപുരിയുടെ വടക്ക്കിഴക്ക് ഭാഗത്ത് ചെന്നു കയറി
ആനയെ കണ്ടപ്പോൾ ജനങ്ങൾ ഭയന്ന് വിറച്ച് ഓടി ഒളിച്ചു. ധീരനാണെങ്കിലും പാണ്ഡ്യ ഭൂപതി സുന്ദരേശസന്നിയിൽ എത്തുകയും പ്രണമിക്കുകയും സ്തുതിക്കുകയും ചെയ്തു. രാജ്യത്തിൽ നേരിട്ടിരിക്കുന്ന ഭീകരാവസ്ഥ അറിയിച്ച് പ്രാർത്ഥിച്ചു.അപ്പോൾ സുന്ദരേശഭഗവാന്റ വാക്കുകൾ ആകാശവാണിയായി ഉത്ഭവിച്ചു.അത് ഇതായിരുന്നു –“സദ്ഗുണനിധിയാം രാജാവേ പുറത്തുള്ള പ്രാകാരത്തിന്റ(മതിൽ ) കിഴക്കുഭാഗത്തായി അട്ടാലം എന്ന പേരോട് കൂടിയും പതിനാറ് സ്തംഭങ്ങളോട് കൂടിയുയതും ആയ ഒരു മണ്ഡപം കാലതാമസം കൂടാതെ ശില്പികളെക്കൊണ്ട് വിധിപ്രകാരം നിർമ്മിക്കണം.അവിടെ ഞാൻ ധനുർദ്ധാരിയായി വന്ന്(വില്ല് ധരിച്ചവൻ)ആനയെ വധിക്കാം”
രാജാവ് വളരെ പെട്ടെന്ന് ശില്പികളെ വരുത്തുകയും വേഗത്തിൽ തന്നെ മണ്ഡപം നിർമ്മിപ്പിക്കുകയും ചെയ്തു. അപ്പോൾ സുന്ദരേശ്വരഭഗവാൻ മണ്ഡപമദ്ധ്യത്തിലുള്ള ഉന്നതവും ശ്രേഷ്ഠവും ആയ പീഠത്തിൽ നിന്ന് തേജോമയനായി ആവിർഭവിച്ചു.ഭഗവാന്റ രൂപം ഇപ്രകാരമായിരുന്നു-‘ഇടത്തെ കയ്യിൽ കുലച്ച വില്ലും വലത്തെ കയ്യിൽ ജ്വലിക്കുന്ന ബാണവും ഉണ്ടായിരുന്നു. വാൾ,ചുരിക,എന്നീ ആയുധങ്ങൾ അരഅരക്കെട്ടിൽ ഉണ്ടായിരുന്നു.കേശങ്ങൾ പീലികൾകൊണ്ട് മനാഹരമായരുന്നു.നീലനിറത്തിലുള്ള ശരീരത്തിൽ മുത്തുമാലകൾ
അണിനിരന്ന ചുവന്ന വസ്ത്രമാണ് ധരിച്ചിരുന്നത്.കർണ്ണത്തിൽ ശംഖകുണ്ഡലങ്ങൾ അണിഞ്ഞിരുന്നു ഇങ്ങനെ ത്രിനേത്രങ്ങളോടും സുന്ദരമുഖത്തോടുകൂടി കിരാത വേഷധാരിയായി സുന്ദരേശ്വര ഭഗവാൻ പ്രത്യക്ഷപ്പെട്ടു.ഇടതുകാൽ മുന്നിൽവെച്ചും വലതുകാൽ പിന്നിലാക്കിയും ബാണം അയക്കുവാൻ സന്നദ്ധനായി നിന്നു.മദയാന അഞ്ച് വിളിപ്പാട് ദൂരത്തായപ്പോൾ ‘നാരസിംഹം’ എന്ന വൈഷ്ണ തേജസ്സിനെ സങ്കല്പിച്ചുകൊണ്ട് ആനയെ ലക്ഷ്യമാക്കി ബാണം അയച്ചു.അതോട്കൂടി ഗജത്തിന്റ അന്ത്യം സംഭവിച്ചു.ഭഗവാൻ അസ്ത്രത്താൽ വധിക്കപ്പെട്ട ഗജം ഒരു മലയായി മാറി.ആ മലയ്‌ക്ക് ഗജശൈലം എന്ന നാമവും സിദ്ധിച്ചു.ഭഗവാന്റ ബാണത്തിൽ നരസിംഹത്തിന്റ സാന്നിദ്ധ്യവും ഉണ്ടായി.
ഈ പ്രദേശത്തിന് പല പ്രത്യേകതയും ഉണ്ട്.രോമേശൻ എന്ന മുനി ഒരു സരസ്സ് നിർമ്മിക്കുകയും അവിടെ സ്‌നാനം ചെയ്തു തപസ്സനുഷഠിക്കുകയും സിദ്ധിപ്രാപിക്കുകയും ചെയ്തിട്ടുണ്ട്.ഭക്താഗ്രണിയായ പ്രഹ്ലാദനും ധന്യരായ മറ്റുപലരും ഉത്തമസിദ്ധിയെ പ്രപിച്ചത് ഇവിടെ വച്ചാണ്
മദയാന വധിക്കപ്പെട്ടപ്പോൾ രാജാവിന്റെയും ജനങ്ങളുടെയും ഭയവും ദു:ഖവും ശമിച്ചുഎല്ലാപേരും ആ പുണ്യസ്ഥലത്ത് സമ്മേളിച്ചു.. മന്ത്രവാദികളും ചോളസേനയും ഭയന്നോടുവാൻ തുടങ്ങി. രാജാവ് സ്വന്തം സൈന്യങ്ങളെ, അവരെ പിടികൂടുവാൻ നിയോഗിച്ചു.ശിവഭക്തരായ പാണ്ഡ്യസൈന്യം ശിവനിന്ദ ചെയ്യുന്ന നാഗന്മാരെയും ചോളസൈന്യത്തെയും അടിച്ചും ഇടിച്ചും പീഡിപ്പിച്ചു.വധിക്കപ്പെടാതെ അവർ അവിടെ നിന്നും രക്ഷപ്പെട്ടു.രാജാവ് സസന്തോഷം അട്ടാലവീരനായി ശിവഭഗവാനെ ദർശിച്ച് സ്രാഷ്ടാഗം പ്രണമിക്കുകയും സ്തുതിക്കുകയും ചെയ്തു. സ്തുതിയിൽ സംപ്രീതനായ ഭഗവാൻ ഇഷ്ടവരങ്ങൾ നൽകി രാജാവിനെ അനുഗ്രഹിച്ചു.മറയുവാൻ തയ്യാറെടുത്ത ഭഗവാന്റ സുന്ദരപാദങ്ങളെ പിടിച്ചുകൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു’അട്ടാലവീരനായ അങ്ങ് സകല ജനങ്ങൾക്കും ഇഷ്ടം നൽകിക്കെണ്ട് ഇവിടെ വസിക്കണം’
ഭഗവാൻ ആ അനുഗ്രഹവും നൽകി.അന്നുമുതൽ സുന്ദരേശഭഗവാൻ അട്ടാലിൽ എന്ന നാമത്താൽ ആശ്രയിക്കുന്നവരുടെ അഭീഷ്ടം സാധിച്ചുകൊടുത്തുകൊണ്ട് അവിടെ വിരാജിക്കുന്നു.
വിക്രമപാണ്ഡ്യൻ ഭഗവാൻ അനുഗ്രഹത്താൽ ഒരു പുത്രനുണ്ടായി.സുന്ദരനായ പുത്രന് ‘രാജശേഖരൻ ‘ എന്ന നാമവും നൽകി.അനേകാലം രാജ്യത്തിൽ സദ്ഭരണം നടത്തിക്കൊണ്ട് വിക്രമപാണ്ഡ്യൻ സസുഖം വസിച്ചു.
ഈ ഉത്തമലീല ഹൃദിസ്ഥമാക്കിയാൽ സകലപാപങ്ങളും നശിക്കും.ദു:ഖങ്ങൾ മാറുകയും സമ്പത്ത്,ഭവനം , ധനധാന്യങ്ങൾ എന്നിവ ഉണ്ടാകുകയും ചെയ്യും എന്നാണ് ഫലപ്രവചനം
……………………………………………………………
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
അടുത്ത ഹാലാസ്യ മാഹാത്മ്യം 23 – വിപ്രകന്യകാനുഗ്രഹം
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/
Comments