ദോഹ: ഏഴ് വർഷത്തിനകം സൂര്യനിൽ നിന്ന് 30 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കുമെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ. തെർമൽ പ്ലാന്റുകളിൽ നിന്നാണ് രാജ്യം നിലവിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. അൽ ഖർസ സോളർ പിവി പവർ പ്ലാന്റിൽ നിന്നാണ് നിലവിൽ മൊത്തം വൈദ്യുതിയുടെ ഏഴ് ശതമാനവും ഉത്പാദിപ്പിക്കുന്നത്. 800 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിൽ 18,00,000 സോളർ പാനലുകളാണുള്ളത്.
ഉത്പ്പാദന സ്റ്റേഷനുകൾ, ട്രാൻസ്മിഷൻ, വിതരണം തുടങ്ങി വൈദ്യുതി ശൃംഖലയുടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ശൈത്യകാലത്താണ് പൂർത്തിയാക്കുന്നത്. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗമുള്ളതിനാൽ വൈദ്യുതിയ്‌ക്കുള്ള തയാറെടുപ്പുകൾ ശൈത്യകാലത്ത് നടപ്പിലാക്കും. ശൈത്യകാലത്തേക്കാൾ 50 ശതമാനത്തിലധികമാണ് വേനൽക്കാലത്തെ വൈദ്യുതി ഉപഭോഗം.
അഞ്ച് ജിഗാ വാട്ടിലധികം സോളർ ശേഷി ഉയർത്തുകയും 2035 നകം ഗ്രീൻഹൗസ് വാതക പ്രസരണം കുറയ്‌ക്കാനും വർഷം തോറും 11 ദശലക്ഷം ടണ്ണ് കാർബൺ ഡൈ ഓക്സൈഡ് സംഭരിക്കാനുമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് വാട്ടർ കോർപറേഷന്റെ നാഷ്ണൽ കൺട്രോൾ സെന്റർ സീനിയർ എജിനീയർ മുഹമ്മദ് സലേഹ് അൽ അഷ്‌കർ പറഞ്ഞു.
Comments