ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തുകയാണ് ഇസ്രോ. തുടർച്ചയായ രണ്ടാമത്തെ വിക്ഷേപണവും വിജയകരമാവുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. അന്താരാഷ്‌ട്ര തലത്തിൽ വലിയ പ്രശംസയാണ് രാജ്യവും ബഹിരാകാശ ഏജൻസിയും ഏറ്റുവാങ്ങുന്നത്. ഇതിന് പിന്നാലെ വമ്പൻ മിഷനുകളാണ് ഇസ്രോയ്‌ക്ക് അടുത്ത ഘട്ടത്തിലേക്കുള്ളത്.
വരുന്ന രണ്ട് വർഷത്തിനുള്ളിലായാകും ദൗത്യങ്ങൾ യാഥാർത്ഥ്യമാക്കുക. ശുക്രനിലേക്കുള്ള ദൗത്യമാണ് ഇതിൽ ഏറ്റവും നിർണായകം. ശുക്രനിലേക്കുള്ള ദൗത്യത്തിന് വേണ്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കിയിരുന്നു. ശുക്രനിൽ ഇറങ്ങുന്നതിനടക്കമുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശുക്രന്റെ ഉപരിതല പഠനത്തിനാണ് ദൗത്യം. 2024 അവസാനത്തോടെ പദ്ധതി ലോഞ്ച് ചെയ്യുമെന്നാണ് സൂചന.
നാസയുടെ പങ്കാളിത്തതോടെയുള്ള നാസ-ഇസ്രോ സിന്തറ്റിക് അപ്പാർച്ചർ റഡാർ വിക്ഷേപണത്തിന് അനുമതി ലഭ്യമായിട്ടുണ്ട്. നിസാർ എന്ന് പേരുള്ള പേടകം 2024 ജനുവരിയിൽ വിക്ഷേപിക്കും. ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യവും, ചന്ദ്രനിലേക്കുള്ള നാലാം ദൗത്യവും ചർച്ചകളിലുണ്ട്. ചൊവ്വയിലും സോഫ്റ്റ് ലാൻഡിംഗിന് ആലോചനയുണ്ടെന്നും ഇസ്രോ ചെയർമാൻ വ്യക്തമാക്കി.
ആദിത്യ എൽ-1ന് ശേഷമുള്ള ആദ്യ മിഷൻ ഗഗൻയാൻ ആയിരിക്കും. ആളില്ലാ പേടകം വിക്ഷേപണം ഈ വർഷം അവസാനം പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിക്കും. ഇസ്രോയും ഹാലും ചേർന്നാണ് പേടകം രൂപകൽപന ചെയ്തിരിക്കുന്നത്. ആളില്ലാ പേടകത്തിന്റെ പരീക്ഷണത്തിന് ശേഷം മനുഷ്യരുമായി ബഹിരാകാശത്തേക്ക് പേടകം കുതിക്കും. മൂന്ന് പേരെ വഹിച്ചായിരിക്കും യാത്രയെന്നാണ് റിപ്പോർട്ട്. 2024 തുടക്കത്തിലാകും ഇതെന്നാണ് വിവരം.
ഗഗൻയാൻ-2 2023 അവസാനത്തിലോ വരും വർഷം ആദ്യമോ ആകും വിക്ഷേപിക്കുക. തുടർന്ന് ചൊവ്വയെ പഠിക്കുന്നതിനായി മംഗൾയാൻ-2 വിക്ഷേപിക്കും. ഗഗൻയാൻ മൂന്നും പദ്ധതിയിലുണ്ട്. ആളുകളുമായാകും പേടകത്തിന്റെ യാത്ര.















