മലയാള സിനിമയിൽ ഏറ്റവും അധികം റിപ്പീറ്റ് വാല്യു ഉള്ള സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി തുടങ്ങി മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരനിരയായിരുന്നു സിനിമയിൽ നിരന്നത്. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച അതിഥി വേഷങ്ങളിൽ ഒന്ന് കൂടെയായിരുന്നു നിരഞ്ജൻ. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ ഇറങ്ങി ഇന്ന് 25-ാം വർഷത്തിലേക്ക് കടക്കുകയാണ്. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണെന്ന വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകനായ സിബിമലയിൽ.
സിനിമ പുറത്തിറങ്ങിയ അന്ന് മുതൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് സിനിമ പ്രേക്ഷകർ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം സിനിമയെക്കുറിച്ചുള്ള ചില അപ്ഡേറ്റുകളും പുറത്ത് വന്നിരുന്നതാണ്. എന്നാലിപ്പോഴിതാ, പ്രേക്ഷകർ കാത്തിരുന്ന മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകൻ. ഒരു അഭിമുഖത്തിനിടയിലാണ് ഇതിനെക്കുറിച്ച് സിബിമലയിൽ സംസാരിച്ചത്. സമ്മർ ഇൻ ബത്‍ലഹേമിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് സിബിമലയിൽ പറഞ്ഞിരിക്കുന്നത്.
സമ്മര്‍ ഇന്‍ ബത്‌ലഹേമിനെ ആമിയേയും നിരഞ്ജനേയും അത്ര പെട്ടെന്ന് പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. മിനിറ്റുകള്‍ കൊണ്ട് സിനിമ തന്നെ തന്റേതാക്കി മാറ്റുകയായിരുന്നു മോഹന്‍ലാല്‍. ജയറാം അവതരിപ്പിച്ച രവിശങ്കർ എന്ന കഥാപാത്രവും സുരേഷ് ഗോപി അവതരിപ്പിച്ച ഡെന്നിസിന്‍റെയും കലാഭവൻ മണി അവതരിപ്പിച്ച മോനായി എന്ന കഥാപാത്രവുമൊക്കെ പ്രേക്ഷകർ ഏറെ ആരാധിച്ചിരുന്നതാണ്. ജയറാമിന് പൂച്ചയെ അയച്ച നായിക ആരാണെന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. സൂപ്പർ ഹിറ്റായിരുന്ന ചിത്രത്തിന് ഇന്നും നിരവധി ആരാധകരാണുള്ളത്.
Comments