തിരുവനന്തപുരം: മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെജി പ്രേംജിത്തിനെ തങ്ങളെ അറിയിക്കാതെ മാറ്റിയതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെ കെ.ബി ഗണേഷ് കുമാര്‍ ചെയര്‍മാനായ കേരള കോണ്‍ഗ്രസ് ബിക്ക് വഴങ്ങി സര്‍ക്കാര്‍. എം.എല്‍.എ അതൃപ്തി പരസ്യമാക്കി, മുന്നണി മര്യാദകള്‍ ലംഘിച്ചെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് പുതിയ നിയമനം സര്‍ക്കാര്‍ തിരുത്തിയത്. കഴിഞ്ഞ ദിവസമാണ് പ്രേംജിത്തിനെ മാറ്റി എം രാജഗോപാലന്‍ നായരെ നിയമിച്ച് മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
എന്നാല്‍ ഇന്ന് ഇത് തിടുക്കപ്പെട്ട് തിരുത്തുകയും ഉത്തരവ് പിഴവ് കാരണം സംഭവിച്ചതെന്ന് വിശദീകരിക്കുകയുമായിരുന്നു. പൊതുഭരണ വകുപ്പിന്റെ പിഴവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നടപടി പിന്‍വലിക്കണമെന്നും കത്തില്‍ ഗണേഷ്‌കുമാര്‍ കത്തില്‍ പരാതിപ്പെട്ടിരുന്നു. ഇതിനൊപ്പം രണ്ടരവര്‍ഷത്തിന് ശേഷം മന്ത്രി സ്ഥാനം നല്‍കുമെന്ന വാഗ്ദാനവും പാഴ് വാക്കായി തുടരുന്നതിനിടെയാണ് ഈ അതൃപ്തിയും ഗണേഷ്‌കുമാര്‍ വ്യക്തമാക്കുന്നു.
കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ് പ്രേംജിത്ത്്. ആര്‍. എം രാജഗോപാലന്‍ നായരെ ചെയര്‍മാനാക്കിയാണ് ഭരണസമിതി സര്‍ക്കാര്‍ പുനസംഘടിപ്പിച്ചത്. ഉത്തരവ് ഇന്നലെ രാത്രിയാണ് പുറത്തിറക്കിയത്. ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിച്ചത്. പ്രേംജിത്ത് ചെയര്‍മാനായി തുടരുന്ന ഉത്തരവ് ഉടനെ തന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ്‌നല്‍കിയതായി ഗണേഷ്‌കുമാര്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ബിയുടെ ഏക എംഎല്‍എ കെബി ഗണേഷ് കുമാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഗണേഷ് കുമാറിന്റെ വിമര്‍ശനം അതിരു കടന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പ്രതിനിധിയെ മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന വിലയിരുത്തലുണ്ട്.
Comments