ആഹാരസാധനങ്ങൾ പാചകം ചെയ്യുമ്പോൾ രുചിക്ക് വേണ്ടിയാണ് പൊതുവെ പെരുംജീരകം ഉപയോഗിക്കാറുള്ളത്. ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനും വിട്ടുമാറാത്ത രോഗങ്ങളുടെ സാദ്ധ്യത കുറയ്‌ക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പെരുംജീരകത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ ദഹനത്തിനും വയറുവേദന കുറയ്‌ക്കുന്നതിനും പെരുംജീരകം വളരെയധികം സഹായകമാണ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ പോഷക സമ്പുഷ്ടമാണ് പെരുംജീരകം. ഭക്ഷണത്തിൽ പെരുംജീരകം ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പെരുംജീരകം ഏതൊക്കെ തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നൽകുന്നതെന്ന് നോക്കാം…
ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു
പെരുംജീരകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്ന് ശരീരഭാരം കുറയ്‌ക്കുക എന്നതാണ്. ആരോഗ്യവാനായി ഇരിക്കാൻ ആഗ്രഹിക്കുന്നവർക്ക് പെരുജീരകം സഹായിക്കും. ഇതിലെ പോഷകങ്ങൾ പ്രതിരോധശേഷി നൽകുന്നു. പെരുംജീരകം ശരീരത്തിലെത്തുമ്പോൾ വയറ് നിറഞ്ഞതായി തോന്നുകയും വിശപ്പ് കുറയ്‌ക്കുകയും ചെയ്യാൻ സഹായകമാണ്. മെറ്റബോളിസം വർദ്ധിപ്പിക്കുകയും ഇതിലൂടെ ശരീരഭാരം കുറയ്‌ക്കുകയുമാണ് പെരുംജീരകം ചെയ്യുന്നത്. ചെറുചൂടുവെള്ളത്തിൽ പെരുംജീരകം പൊടിച്ച് ചേർത്തോ ഇതിന്റെ സത്ത് ചേർത്തോ വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ്.
ചർമ്മത്തിന്റെ ആരോഗ്യത്തിന്
പെരുംജീരക സത്ത് ചർമ്മകോശങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുവാൻ സഹായിക്കുന്നു. സെലിനിയം, സിങ്ക്, പൊട്ടാസ്യം എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഓക്സിജന്റെ അളവ് നിലനിർത്താനും ഹോർമോൺ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും ഇതിലെ പോഷകങ്ങൾ സഹായിക്കുന്നു. ചുണങ്ങ്, മുഖക്കുരു, ചർമ്മത്തിന്റെ വരൾച്ച എന്നിവ കുറയ്‌ക്കാനും പെരുംജീരകം ഉപകാരപ്രദമാകുമെന്ന് വിദഗ്ധർ പറയുന്നു.
മലബന്ധത്തിനും ദഹനത്തിനും സഹായിക്കും
മലബന്ധം, വീക്കം, ദഹനക്കേട് എന്നിവ ഒഴിവാക്കുന്നതിനായി പെരുംജീരകം സഹായിക്കുന്നു. ആന്റിസ്പാസ്മോഡിക്, ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്നു. പെരുജീരകം കഴിക്കുന്നതോടെ ഇവ ദഹനപ്രക്രിയ സുഗമമാക്കുന്നു.
ക്യാൻസർ സാദ്ധ്യത കുറയ്‌ക്കാൻ സഹായിക്കുന്നു
ക്യാൻസറിനെ തടയുന്ന ആന്റി ഓക്‌സിഡന്റുകൾ പെരുംജീരകത്തിലുണ്ട്. ഇവ ശീലമാക്കുന്നതോടെ അർബുദത്തെ ചെറുക്കാൻ കഴിയുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഇവയിൽ ധാരാളം വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.















