വിജയ് ദേവരകൊണ്ടയുടെ ‘കുഷി’ എന്ന പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം നൽകുമെന്ന് താരം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ തോതിൽ വാർത്തയാകുകയും നിരവധി പേർ താരത്തെ പിന്തുണയ്‌ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ തങ്ങളെ കൂടി സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് രാഗത്തെത്തിയിരിക്കുകയാണ് ‘വേൾഡ് ഫെയ്മസ് ലവർ’ എന്ന ചിത്രത്തിന്റെ വിതരണക്കാർ.
വിജയ് ദേവരകൊണ്ട നായകനായെത്തിയ ‘വേൾഡ് ഫെയ്മസ് ലവർ’ പ്രതീക്ഷിച്ച രീതിയിൽ വിജയിക്കാതിരുന്നതിനാൽ എട്ട് കോടിയുടെ നഷ്ടമാണ് വിതരണക്കാർക്ക് ഉണ്ടായത്. 100 കുടുംബങ്ങൾക്ക് പണം കൈമാറുമ്പോൾ ഞങ്ങളെ കൂടി സഹായിക്കണമെന്നാണ് ചിത്രത്തിന്റെ വിതരണക്കാരായ അഭിഷേക് പിക്ചേഴ്സ് അഭ്യർത്ഥിക്കുന്നത്. ട്വിറ്ററിലൂടെയാണ് വിതരണക്കാർ ഇത് ആവശ്യപ്പെട്ടത്.
കുഷിയ്‌ക്ക് ലഭിച്ച പ്രതിഫലത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം നൽകുമെന്നാണ് ദേവരകൊണ്ട കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കുഷിയുടെ വിജയത്തോടനുബന്ധിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നടത്തിയ പരിപാടിയിലായിരുന്നു വിജയ് ദേവരകൊണ്ടയുടെ പ്രഖ്യാപനം.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു നായകൻ തന്റെ പ്രതിഫലത്തിന്റെ ഒരു ഭാഗം ജനങ്ങൾക്കായി പങ്കിടുന്നത്. തിരഞ്ഞെടുക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്കാണ് പണം കൈമാറുക. കുഷിയുടെ പ്രതിഫലത്തിൽ നിന്ന് ഞാൻ നിങ്ങൾക്ക് നൽകുന്ന തുക ഒരുപാട് സാഹചര്യങ്ങളിൽ നിങ്ങൾക്ക് സഹായകമാകും എന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു.















