ആദിത്യ എൽ1-ന്റെ വിക്ഷേപണത്തിന് പിന്നാലെ മറ്റൊരു ദൗത്യത്തിനായി തയാറെടുത്തുകൊണ്ടിരിക്കുകയാണ് ഐഎസ്ആർഒ. ഗഗൻയാൻ ദൗത്യമാണ് ഐഎസ്ആർഒയുടെ അടുത്ത ലക്ഷ്യം. നിലവിലുള്ള ഹെവി-വെയിറ്റ് എൽവിഎം-3 ലോഞ്ച് വെഹിക്കിൾ ഇന്ത്യൻ ബഹിരാകാശ യാത്രികരെ കൊണ്ടുപോകാൻ പാകത്തിന് ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ ആയി പരിഷ്‌കരിക്കും.
ക്രൂ മൊഡ്യൂളിനെയും ഓർബിറ്റർ മൊഡ്യൂളിനെയും ബഹിരാകാശത്ത് എത്തിക്കുക എന്നതും ഇവയെ 400 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിക്കുകയുമാണ്് എച്ച്ആർഎൽവിയുടെ പ്രധാന ലക്ഷ്യം. സതീഷ് ധവാൻ സ്‌പേസ് സെന്റർ ഡയറക്ടർ രാജരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സംവിധാനങ്ങളും പരാജയപ്പെടാത്ത വിധത്തിൽ മികച്ച സുരക്ഷയോടെയാകും സജ്ജമാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ ക്രൂ എസ്‌കേപ്പ് സിസ്റ്റം ക്രൂ മൊഡ്യൂളിനെ സുരക്ഷിതമായ അകലത്തിലേക്ക് എത്തിക്കാനാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളിൽ കടലിലേക്ക് തെറിച്ചു വീഴുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. ക്രൂ മൊഡ്യൂൾ, സർവീസ് മൊഡ്യൂൾ , ക്രൂ എസ്‌കേപ്പ് സിസ്റ്റം എന്നിവയാണ് ഓർബിറ്റൽ മൊഡ്യൂളിൽ ഉൾപ്പെടുന്നത്. ഇവ തയ്യാറാക്കുന്നതിനായി പ്രത്യേക സൗകര്യം സജ്ജമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.















