ചെന്നൈ: ഓസ്ട്രേലിയയിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകൾ ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള റോഡ് ഷോ സെപ്തംബർ 12-ന് ചെന്നൈയിൽ നടക്കും. ഓസ്ട്രേലിയന്‍ സര്‍ക്കാറിന്റെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്മീഷന്റെ(ഓസ്ട്രേഡ്) നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. റോഡ് ഷോയിൽ ആ രാജ്യത്തെ 25 സർവകലാശാലകളിലെ പ്രതിനിധികൾ പങ്കെടുക്കും.
ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരവും തൊഴിൽ സാധ്യതയുമുള്ള വിദ്യാഭ്യാസത്തിനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ഓസ്ട്രേഡ് സീനിയര്‍ കമ്മീഷണര്‍ ഡോ. മോണിക്ക കെന്നഡി പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിൽ എത്തിയത് 70,231 വിദ്യാർത്ഥികളാണ്. 2023-ൽ ജൂൺ വരെ 47,759 വിദ്യാർത്ഥികൾ എത്തിയിട്ടുണ്ട്.
ഓസ്ട്രേലിയിലെ വിദ്യാഭ്യാസ സാധ്യതകളെപ്പറ്റി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരില്‍ ചോദിച്ച് മനസ്സിലാക്കുന്നതിന് അവസരമൊരുക്കുകയാണ് റോഡ് ഷോയുടെ പ്രധാന ഉദ്ദേശ്യം. ആ രാജ്യത്തെ വിവിധ കോഴ്സുകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ഇതിൽ നിന്നും ലഭിക്കുന്നതാണ്. ചെന്നൈയിലെ ഹോട്ടല്‍ താജ് കോറമണ്ഡലില്‍ ഉച്ചയ്ക്ക് 1.30 നാണ് പരിപാടി ആരംഭിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്റ്റഡി ഓസ്ട്രേലിയ വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്യേണ്ടതാണ്.
Comments