അഭിനയത്തിൽ 52 വർഷം പൂർത്തിയാക്കുകയാണ് മമ്മൂട്ടിയെന്ന പകരക്കാരനില്ലാത്ത ഇതിഹാസം. അരനൂറ്റാണ്ട് കാലം മലയാള സിനിമ ഭരിച്ച നടൻ മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. 72 വയസ് തികഞ്ഞിട്ടും പഴയ മോടിയും അഴകും ചെറുപ്പവും നിലനിൽക്കുന്ന താരത്തോട് അസൂയയാണെന്ന് പൊതുവേദിയിൽ സൂപ്പർതാരങ്ങളടക്കം പറഞ്ഞിട്ടുണ്ട്. ഇത്തവണത്തെ 53-ാമത് ചലച്ചിത്ര പുരസ്കാരത്തോട് കൂടി ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള പുരസ്കാരം നേടിയ നടനെന്ന നേട്ടവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. മികച്ച നടനുള്ള 6 സംസ്ഥാന അവർഡുകൾ, മികച്ച നടനുള്ള മൂന്ന് ദേശീയ അവാർഡ്, ഫിലിംഫെയർ അവാർഡുകളുമടക്കം അദ്ദേഹം നേടി. ഇന്നും സിനിമയോടുള്ള അഭിനിവേശം വിട്ടുമാറാത്ത ഒരു പുതുമുഖ നടന്റെ ചുറുചുറുക്കോടെയാണ് ഓരോ സിനിമയേയും മമ്മൂട്ടി സമീപിക്കുന്നത്.
സത്യൻ മാഷിന്റെ അവസാന സിനിമയായ “അനുഭവങ്ങൾ പാളിച്ചകൾ” എന്ന ചിത്രത്തിൽ മിനിറ്റുകൾ മാത്രമുള്ള ഒരു ചെറിയ സീനിലാണ് ആദ്യമായി എത്തിയത്. 1971 ഓഗസ്റ്റ് 6 ന് കെ.എസ്.സേതുമാധവൻ ചിത്രത്തിലൂടെ മലയാള സിനിമയുടെ പടിവാതിലിൽ കാലെടുത്തു വെയ്‌ക്കുമ്പോൾ മലയാളത്തിന്റെ മഹാനടനിലേയ്‌ക്ക്, ഭാരതത്തിന്റെ എണ്ണംപറഞ്ഞ അതുല്യ പ്രതിഭകളുടെ നിരയിലേയ്‌ക്ക് ഉയരുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം ആ നടനെ മലയാള സിനിമയുടെ അമരക്കാരനാക്കി മാറ്റുകയായിരുന്നു. തന്നിലെ നടനെ ഉരച്ച് മിനുക്കി തെളിമയോടെ കൊണ്ടു പോകുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു നടനില്ല. ഋതുഭേദങ്ങളുടെ രാജകുമാരനായി മലയാളികളുടെ ആ മഹാനടൻ ഇന്നും തലയുയർത്തി നിൽക്കുകയാണ്. പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചു.
അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ കാലാകാലങ്ങളായി നടക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന കാൽ ലക്ഷം രക്തദാനമാണ് വാർത്തയാകുന്നത്. ഇത്തവണത്തെ ഈ ഉദ്യമത്തിന് വേണ്ടി പ്രത്യേകം തുറന്ന ബ്ലഡ് ബാങ്കിൽ രക്ത ദാനത്തിന് വമ്പൻ ജനപിന്തുണയാണ് ലഭിക്കുന്നത്. അങ്കമാലിയിലെ ബ്ലഡ് ബാങ്കിൽ പൊതുജനങ്ങൾക്കും രക്തദാനത്തിന് സൗകര്യം ഉണ്ട്. വിവരങ്ങൾക്ക് 0484 2675415 എന്ന നമ്പറിൽ ബന്ധപ്പെടാം.
ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടിയുടെ പുത്തൻ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ഇന്ന് പുറത്തുവിടും. മമ്മൂട്ടിയുടെ പുത്തൻ ചിത്രം കണ്ണൂർ സ്ക്വാഡ് നവാഗതനായ റോബി വർഗീസ് രാജാണ് സംവിധാനം ചെയ്യുന്നത്. ഇതിന്റെ ട്രെയിലർ വൈകിട്ട് ആറിനാണ് പുറത്തിറങ്ങുക. കണ്ണൂർ സ്ക്വാഡിൽ പോലീസ് വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രം ഈ മാസം 28ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. മറ്റാെരു ചിത്രമായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് രാവിലെ 11നും പുറത്തിറങ്ങും. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഹൊറർ ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. ഭ്രമയുഗത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുന്നത്.
Comments