ജക്കാർത്ത: ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രപരവും ഭൂമിശാസ്ത്രപരവുമായുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ആസിയാനും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് ഈ ഉച്ചകോടി സുപ്രധാന പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-ആസിയാൻ പങ്കാളിത്തം നാൽപ്പത് വർഷം പിന്നിട്ടിരിക്കുകയാണ്. ഈ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ-ആസിയാൻ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആസിയാൻ വളർച്ചയുടെ പ്രഭവകേന്ദ്രമാണ്. ഇവിടെ എല്ലാവരുടെയും ശബ്ദം നാം കേൾക്കുന്നു. ആസിയാൻ ആഗോള വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിക്കുകയാണ്. ആസിയാൻ ഉച്ചകോടി സംഘടിപ്പിച്ചതിന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയോട് വളരെയധികം നന്ദിയുണ്ട്. ഏകീകരണം, സമാധാനം, സമൃദ്ധി, എന്നിവയിൽ നാം പങ്കിട്ട വിശ്വാസം നമ്മെ കൂടുതൽ ശക്തമാക്കുന്നു.’
‘ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ പ്രധാന നെടുംതൂണാണ് ആസിയാൻ. ഇന്ത്യയുടെ ഇന്തോ-പസഫിക്കിൽ സുപ്രധാന സ്ഥാനമാണ് ആസിയാനുള്ളത്. വസുധൈവ കുടുംബകം-ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി, എന്നതാണ് ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി 20 യുടെ പ്രമേയം. എല്ലാ വികസ്വര രാജ്യങ്ങളുടെയും അഭിപ്രായം പ്രതിഫലിപ്പിക്കുന്നതിനാണ് ഇന്ത്യ ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്. 2022-ൽ ഇന്ത്യ-ആസിയാൻ സൗഹൃദ ദിനം നാം ആഘോഷിക്കുകയും ഉഭയകക്ഷി ബന്ധം ശക്തമാക്കുകയും ചെയ്തു’ പ്രധാനമന്ത്രി പറഞ്ഞു.
ആസിയാൻ ഉച്ചകോടിയിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി ജക്കാർത്തയിലെത്തിയത്. പുലർച്ചെ ജക്കാർത്ത വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയ്‌ക്ക് ഉജ്ജ്വല സ്വീകരണമാണ് ഇന്ത്യൻ സമൂഹം നൽകിയത്.
Comments