സൂരറൈ പോട്ര് എന്ന ചിത്രത്തിന് ശേഷം സൂര്യയും സുധാ കൊങ്ങരയും വീണ്ടും ഒരുമിക്കുന്നു. സൂര്യ 43 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ നസ്രിയയാണ് സൂര്യയുടെ നായികയായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. തമിഴ് മാദ്ധ്യമങ്ങൾ ഇതിനോടകം ഈ വാർത്ത ശരിവെച്ച് കഴിഞ്ഞു. ഇതാദ്യമായിട്ടാണ് സൂര്യയും നസ്രിയയും ഒന്നിക്കുന്നത്. സൂര്യ 43-യെ കുറിച്ച് നേരത്തെയും വമ്പൻ അപ്ഡേഷനുകൾ പുറത്ത് വന്നിരുന്നു.
രാജാ റാണിയായിരുന്നു നസ്രിയ അവസാനമായി അഭിനയിച്ച തമിഴ് സിനിമ. ഇതോടെ ഒരു നീണ്ട ഇടവേളയക്ക് ശേഷം നസ്രിയ തമിഴിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയായിരിക്കും സൂര്യ 43. ചിത്രത്തിൽ സൂര്യക്കൊപ്പം ദുൽഖർ സൽമാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും നടന്നിട്ടില്ല. അടുത്ത ചിത്രവും സൂര്യക്കൊപ്പമാണ് എന്ന് സുധാ കൊങ്ങര നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സൂര്യ 43 ബയോപിക് ആയിരിക്കില്ലെന്നും സുധ കൊങ്ങര വെളിപ്പെടുത്തിയിരുന്നു.
എല്ലാവർക്കും ഇഷ്ടപ്പെടുമെന്നാണ് വിശ്വാസമെന്നും തന്റെ സ്വപ്ന ചിത്രമാണിതെന്നും എന്നെ പോലെ സൂര്യയും ആവേശത്തിലാണെന്നും ഒരു അഭിമുഖത്തിൽ സുധാ കൊങ്ങര പറഞ്ഞിരുന്നു. നിലവിൽ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ബോബി ഡിയോൾ, ദിഷ പഠാനി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
Comments