വലിയ ആവേശത്തോടെയാണ് രജനികാന്ത് ചിത്രം ജയിലറിനെ മലയാളികൾ വരവേറ്റത്. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ രജനീകാന്തിനൊപ്പം മലയാളത്തിലെയും കന്നഡയിലെയും താരരാജക്കന്മാരും അണിനിരന്നിരുന്നു. കാമിയോ വേഷങ്ങളിലെത്തിയ മോഹൻലാലിനെയും ശിവരാജ് കുമാറിനെയും കയ്യടികളോടെയാണ് സിനിമാ പ്രേമികൾ സ്വീകരിച്ചത്. ഇരുവരുടെയും ഇൻട്രോയ്‌ക്കും പെർഫോമൻസിനും കരുത്ത് പകർന്നതാകട്ടെ അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും. ഇപ്പോഴിതാ സൂപ്പർതാരങ്ങൾക്കായി അനിരുദ്ധ് ഒരുക്കിയ തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്.
അതിഥി താരങ്ങളായി എത്തിയ മോഹന്‍ലാലിന്‍റെയും ശിവ രാജ്‍കുമാറിന്‍റെയും കഥാപാത്രങ്ങളുടെ തീം മ്യൂസിക്കുകളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ ഓരോ കഥാപാത്രങ്ങള്‍ക്കും സന്ദർഭോചിതമായ ബിജിഎമ്മുകളാണ് ഒരുക്കിയിരുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യുവിനും ശിവരാജ്കുമാറിന്‍റെ നരസിംഹയ്‌ക്കും മാസ് തീം മ്യൂസിക്ക് തന്നെയാണ് അനിരുദ്ധ് സമ്മാനിച്ചത്. ഏറെ കാത്തിരുന്ന സമ്മാനം ലഭിച്ച സന്തോഷത്തിലാണ് ആരാധകർ. സിനിമയിലെ സീനുകൾ ഉൾപ്പെടുത്തി കൊണ്ടാണ് തീം മ്യൂസിക്ക് റിലീസ് ചെയ്തിരിക്കുന്നത്.
തിയറ്ററുകളിൽ നിന്നും 550 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയ ജയിലർ ഒടിടി പ്ലാറ്റ്ഫോമായ ആമസോണിലും പ്രദർശനം ആരംഭിച്ചിട്ടുണ്ട്. തെന്നിന്ത്യയിലൊട്ടാകെ മികച്ച രീതിയിൽ പ്രദർശനം തുടരുമ്പോൾ തന്നെയാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് ജയിലർ 500 കോടിക്ക് മുകളിൽ കളക്ഷൻ നേടിയത്. ആദ്യ ആഴ്ചയില്‍ ഒരു സിനിമയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡും രജനിയുടെ ജയിലറിന് സ്വന്തമാണ്.
Comments