കൊല്ലം: ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ ഉണ്ണിക്കണ്ണനായതിന്റെ ആഹ്ളാദത്തിൽ മന്ഹമറിയവും കുടുംബവും. കരുനാഗപ്പള്ളി മുഴുങ്ങോടി അനസ് മൻസിലിൽ മന്ഹമറിയമാണ് കൃഷ്ണ വേഷം അണിഞ്ഞത്.
അംഗനവാടിയിലെ കൂട്ടുകാർ ഉണ്ണിക്കണ്ണനായി മാറുന്നതറിഞ്ഞതോടെയാണ് നാലുവയസുകാരി കുരുന്നിനും കണ്ണനാകാൻ ആഗ്രഹം തോന്നിയത്. മകളുടെ ആഗ്രഹത്തിന് ബാപ്പ ശിഹാബുദ്ദീനും ഉമ്മ അൻസിയും പൂർണ്ണ പിന്തുണ നൽകിയതൊടെ മന്ഹമറിയം കൃഷ്ണനായി മാറിയത്.
മുഴുങ്ങോടി മണ്ണുരേത്ത് കാവിൽ നിന്ന് ആരംഭിച്ച് മാരാരിത്തോട്ടം ക്ഷേത്രത്തിൽ സമാപിച്ച ശോഭായാത്രയിലാണ് മന്ഹമറിയവും ഉമ്മ അൻസിയും ഉമ്മുമ്മ സുനിയും പങ്കെടുത്തത്. ക്ഷേത്രത്തിൽ ഉറിയടിച്ച ശേഷമാണ് മന്ഹമറിയത്തെയും കൂട്ടി കുടുംബം വിട്ടിലേക്ക് മടങ്ങിയത്.
ശോഭായാത്രയിൽ പങ്കെടുത്തത് വളരെ സംതൃപ്തിയും സന്തോഷവും നൽകുന്നെന്നും അൻസി പറഞ്ഞു. വളരെ നല്ല അനുഭവമാണ് ലഭിച്ചത്, ബാലഗോകുലം പ്രവർത്തകരും നാട്ടുകാരും മകൾ കൃഷ്ണനായതിന്റെ സന്തോഷത്തിലാണെന്നും അൻസി കൂട്ടിച്ചേർത്തു. ഉണ്ണിക്കണ്ണനായ മന്ഹമറിയത്തെ ഉമ്മുമ്മ സുനി എടുത്തു കൊണ്ട് നിൽക്കുന്ന ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാണ്.
Comments