ജയ്പൂർ: കുത്തിവെപ്പ് എടുത്ത് മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞ് വീണ് രോഗി മരിച്ചു. സംഭവത്തിന് പിന്നാലെ വ്യാജ ഡോക്ടർ ഹരിയോം സൈനി (35)യെ പിടികൂടി. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലാണ് സംഭവം നടന്നത്. ഓം പ്രകാശ് ഗുർജാർ (38) ആണ് മരുന്ന് മാറി കുത്തിവെച്ചതിന് പിന്നാലെ മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണമായസംഭവം നടന്നത്.
പനിയും ചുമയും ബാധിച്ച് ക്ലിനിക്കിലെത്തിയ ഓം പ്രകാശിന് മോണോസെഫ് 500 മില്ലിഗ്രാം കുത്തിവയ്‌പ്പ് നൽകുകയായിരുന്നു. പിന്നാലെ ഓം പ്രകാശിന്റെ രക്ത സമ്മർദ്ദം കുറയുകയും കുഴഞ്ഞ് വീണ് മരണപ്പെടുകയും ചെയ്തു. മരണപ്പെട്ടതോടെ വ്യാജ ഡോക്ടർ ഹരിയോം സൈനി ഓം പ്രകാശിനെ ഇൻദർഗഡ് ടൗണിലെ റോഡരികിൽ തള്ളുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അഞ്ച് ദിവസത്തിന് ശേഷം പിടികൂടിയത്. വ്യാജ ഡോക്ടർ ഹരിയോം ജിഎൻഎം ബിരുദധാരിയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് സാങ്കേതിക വിശകലനങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ അന്വേഷിച്ച് കണ്ടെത്തിയത്. പ്രതിക്കെതിരെ കൊലക്കുറ്റം അടക്കം നിരവധി വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
Comments