സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിലൂടെ സാമ്പത്തിക വളർച്ച കൈവരിക്കുകയെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുകയാണ് ഭാരതം. അറിയപ്പെടാത്ത വിഭവങ്ങളെ കണ്ടെത്തുകയും സമുദ്ര വിഭവങ്ങളെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നയമാണ് ബ്ലൂ എക്കണോമി പോളിസി. ഈ നയത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ‘സമുദ്രയാൻ’.
ബഹിരാകാശ നിഗൂഢതകൾ അന്വേഷിച്ചുള്ള യാത്രകൾക്ക് പിന്നാലെ ആഴക്കടലിലും ഭാരതം ആധിപത്യം സ്ഥാപിക്കുമെന്നതിൽ സംശയമില്ല. അമൂല്യ ലോഹങ്ങളും ധാതുക്കളും തേടി സമുദ്രാഗർഭത്തിലേക്ക് ഊളിയിടുന്ന പദ്ധതിയാണ് സമുദ്രയാൻ. ഇതിന്റെ ആദ്യഘട്ടം മാത്രമാണ് ‘മത്സ്യ 6000’ യാത്ര. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മുങ്ങി കപ്പലാണ് ഇത്. ബംഗാൾ ഉൾക്കടലിന്റെ ആഴങ്ങളിലേക്ക് പര്യവേഷണം നടത്തുകയാണ് മത്സ്യയുടെ ലക്ഷ്യം.
സമുദ്രയാനും പ്രാധാന്യവും
ബ്ലൂ എക്കണോമി നയവുമായി യോജിപ്പിച്ച് ആഴക്കടൽ ദൗത്യത്തിലെ നിർണായക ഘടകങ്ങളെ കണ്ടെത്തുന്നതാണ് സമുദ്രയാൻ ദൗത്യം. സമുദ്ര വിഭവങ്ങൾ സുസ്ഥിരമായി പ്രയോജനപ്പെടുത്തുക, സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുക, ഉപജീവനമാർഗങ്ങൾ വർദ്ധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യം ഉറപ്പാക്കുക എന്നിവയാണ് ബ്ലൂ എക്കണോമി നയത്തിന്റെ ലക്ഷ്യങ്ങൾ. 2021 മുതൽ അഞ്ച് വർഷം നീളുന്ന പദ്ധതിയാണിത്. ഘട്ടം ഘട്ടമായി 4,077 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക.
മത്സ്യ 6000
ദൗത്യത്തിന്റെ നട്ടെല്ലാണ് മത്സ്യ 6000. മത്സ്യം എന്ന വാക്കിന്റെ സംസ്‌കൃകത പദമാണ് ‘മത്സ്യ’. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയിൽ വികസിപ്പിച്ച മുങ്ങി കപ്പലാണ് ഇത്. മൂന്ന് പേരെ സമുദ്രനിരപ്പിൽ നിന്നും 6,000 മീറ്റർ ആഴത്തിൽ എത്തിക്കും. ധാതുക്കൾ ഉൾപ്പെടെയുള്ള ആഴക്കടൽ വിഭവ പര്യവേക്ഷണം നടത്തും. തുടർച്ചയായി 12 മുതൽ 16 മണിക്കൂർ വരെ പ്രവർത്തിക്കാനാകും. 96 മണിക്കൂർ വരെ ഓക്‌സിജൻ ലഭ്യതയും മത്സ്യ 6000 ഉറപ്പാക്കുന്നു.
ആഴക്കടൽ പര്യവേക്ഷണം ചെയ്യുന്നതിനായി ഓട്ടോണമസ് കോറിംഗ് സിസ്റ്റം (എസിഎസ്), ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (എയുവി), ഡീപ് സീ മൈനിംഗ് സിസ്റ്റം (ഡിഎസ്എം) എന്നിങ്ങനെ വിവിധ ആഴക്കടൽ ഉപകരണങ്ങൾ മുങ്ങികപ്പലിൽ സജ്ജമാക്കും. അടുത്ത വർഷം ആദ്യം ചെന്നൈ തീരത്തുനിന്നാണ് ആദ്യ പര്യവേക്ഷണത്തിന് പുറപ്പെടുക. കൊബാൾ, നിക്കൽ, മാംഗനീസ് തുടങ്ങിയ ലോഹങ്ങൾക്കായുള്ള അന്വേഷണമാണ് പ്രാഥമിക ദൗത്യം. മനുഷ്യരില്ലാതെ മത്സ്യയെ അയച്ച് തിരിച്ചുവരുന്ന ശേഷം മാത്രമായിരിക്കും യാത്രികരുമായി പുറപ്പെടുക.
സമുദ്രയാന്റെ പ്രാധാന്യം
നിരവധി മേഖലകളിൽ പ്രാധ്യാനമുള്ളതാണ് രാജ്യത്തിന്റെ സുപ്രധാന ദൗത്യം. ആഴക്കടൽ പര്യവേക്ഷണം നിരവധി മേഖലകളിൽ ഗുണം ചെയ്യും.
ശാസ്ത്രീയ പര്യവേക്ഷണം: സമുദ്രത്തിന്റെ നിഗൂഢതകളെയും ജൈവവൈവിധ്യത്തെത്തയും കുറിച്ചുള്ള മനുഷ്യന്റെ ധാരണകളെ മാറ്റി മറിക്കുന്ന പര്യവേക്ഷണമാകും ഇത്. പര്യവേക്ഷണം ചെയ്യപ്പെടാത്ത ആഴക്കടൽ പ്രദേശങ്ങൾ നേരിട്ട് നിരീക്ഷിക്കാനും പഠിക്കാനുമുള്ള സവിശേഷമായ അവസരം ശാസ്ത്ര ലോകത്തിന് നൽകും.
സാമ്പത്തിക വളർച്ച: പുത്തൻ ഭാരതത്തിനായുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബന്ധതയുടെ ഭാഗമാകും ദൗത്യം. 7,500 കിലോമീറ്ററിലധികം തീരപ്രദേശത്തും തീരപ്രദേശങ്ങളിൽ ഗണ്യമായ ജനസംഖ്യയും ഉള്ളതിനാൽ, മത്സ്യബന്ധനം, മത്സ്യകൃഷി, സമുദ്രവ്യാപാരം എന്നിവയെ ദൗത്യം ഉത്തേജിപ്പിക്കും. സാമ്പകത്തിക വളർച്ചയ്‌ക്ക് ഗുണം ചെയ്യാൻ സമുദ്രയാൻ സഹായിക്കും.
ഉറവിട സാധ്യത: കൊബാൾ, നിക്കൽ, മാംഗനീസ് തുടങ്ങിയ ലോഹങ്ങൾക്കായുള്ള അന്വേഷണമാണ് പ്രാഥമിക ദൗത്യം. കോബാൾട്ട് സമ്പന്നമായ മാംഗനീസ് പുറംതോട്, ഹൈഡ്രോതെർമൽ ഡിപ്പോസിറ്റുകൾ എന്നിവ പോലുള്ള വിലയേറിയ വിഭവങ്ങൾ ആഴക്കടലിലുണ്ടെന്നാണ് വിലയിരുത്തൽ. ഇത്തരം ലോഹങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയും പരിഹരിക്കുന്നതിനുള്ള മാർഗമാകും മത്സ്യ 6000-വും സമുദ്രയാൻ ദൗത്യവും
സമുദ്രയാൻ പദ്ധതിയുടെ സുപ്രധാന ലക്ഷ്യങ്ങൾ
– അണ്ടർവാട്ടർ റോബോട്ടിക്സിനൊപ്പം ആഴക്കടൽ ഖനനത്തിനും മനുഷ്യനെ ഉൾപ്പെടുത്തിയുള്ള മുങ്ങിക്കപ്പലുകൾക്കുള്ള സാങ്കേതികവിദ്യകളുടെ വികസനം.
– സമുദ്ര കാലാവസ്ഥാ വ്യതിയാന ഉപദേശക സേവനങ്ങളുടെ വികസനം.
– ആഴക്കടൽ ജൈവവൈവിധ്യത്തിന്റെ പര്യവേക്ഷണത്തിനും സംരക്ഷണത്തിനുമുള്ള സാങ്കേതിക കണ്ടുപിടുത്തങ്ങൾ.
– ആഴത്തിലുള്ള സമുദ്ര സർവേയും പര്യവേക്ഷണവും.
– സമുദ്രവിഭവങ്ങളിൽ നിന്നുള്ള ഊർജവും ശുദ്ധജല ഉൽപ്പാദനവും.
– ഓഷ്യൻ ബയോളജിക്കായി ഒരു അഡ്വാൻസ്ഡ് മറൈൻ സ്റ്റേഷൻ സ്ഥാപിക്കൽ.















