sപത്തനംതിട്ട: നിപ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്കുള്ള മാർഗ്ഗനിർദേശങ്ങൾ ആവശ്യമെങ്കിൽ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജകൾക്കായി മറ്റന്നാൾ നട തുറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർദേശം. ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ ആരോഗ്യ സെക്രട്ടറിക്ക് നിർദേശം നൽകി. കോഴിക്കോട് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്തിയെന്നും സർക്കാർ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് നിപ ബാധിത പ്രദേശങ്ങൾ കേന്ദ്രസംഘം പരിശോധിക്കാനിരിക്കെയാണ് പുതിയ കേസ്. നിരീക്ഷണത്തിൽ കഴിയുന്ന 39 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ച് വ്യക്തികൾ മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയ സ്വകാര്യ ആശുപത്രികളിൽ ഇയാളും എത്തിയിരുന്നു. അതിനാൽ തന്നെ ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ നിപ ബാധിതരുടെ എണ്ണം നാലായി.
Comments