സുന്ദരേശ ഭഗവാൻ വ്യത്യസ്ത താണ്ഡവമാടിയ ലീലയാണ് ഇതിലെ പ്രതിപാദ്യം.സദ്ഗുണ സമ്പന്നനായ വിക്രമപാണ്ഡ്യരാജാവ് ശിവലോകം പ്രാപിച്ചപ്പോൾ പുത്രനായ രാജശേഖര പാണ്ഡ്യനാണ് രാജഭരണം നടത്തിയത്. അദ്ദേഹം നീതിയുക്തമായ സദ്ഭരണം കൊണ്ട് ജനങ്ങളെ പരിപാലിച്ചു. സാമം,ദാനം,ഭേദം,ദണ്ഡം എന്നീ ചതുരുപായങ്ങൾ ജനങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്തു. സമസ്ത വിദ്യകളും സകലകലകളും അഭ്യസിച്ച രാജാവ് നൃത്തം മാത്രം അഭ്യസിച്ചില്ല. ശിവഭഗവാൻ നൃത്തം ചെയ്യുന്നതുകൊണ്ടാണ് അതിൽ പരിശീലനം നേടാത്തത്. എങ്കിലും സകലകലാവല്ലഭൻ എന്ന പ്രശസ്തി അദ്ദേഹത്തിന് ഉണ്ടായി.
പാണ്ഡ്യരാജാവ് കലകൾ അഭ്യസിച്ചപ്പോൾ ചോള രാജാവിനും കലകൾ അഭ്യസിക്കണമെന്ന ആഗ്രഹമുണ്ടായി.അദ്ദേഹം നൃത്തവും അഭ്യസിപ്പിച്ചു.’സകലകലാദക്ഷൻ എന്ന പ്രസിദ്ധിയും കരസ്ഥമാക്കി.പാണ്ഡ്യരാജാവ് നൃത്തം അഭ്യസിച്ചില്ലെന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല.
ഒരിക്കൽ ബുദ്ധിമാനും വിദ്വാനുമായ ആയ ഒരാൾ ചോളരാജാവിനെ കണാൻ പോയി. അവർ പരസ്പരം ഓരോ വിദ്യയും പ്രകടമാക്കി.രാജാവ് ധാരാണം സമ്മാനങ്ങൾ നൽകി. അവ സ്വീകരിച്ചതിനു ശേഷം അദ്ദേഹം പാണ്ഡ്യരാജ്യത്തിലെത്തി. രാജാവിന്റ മുമ്പിൽ എത്തിയ ആ വിദ്വാൻ ചോളരാജാവ് സകലകലാവല്ലഭനണെന്നും നൃത്തവും അറിയാമെന്നും പറഞ്ഞു.’എത്രയോ വിദ്വാന്മാർ ഓരോ ദിക്കിലും ഉണ്ട് എന്നു മാത്രം പറഞ്ഞുകൊണ്ട് ആഗതന് സമ്മാനങ്ങൾ നൽകി അയച്ചു.
ചോളരാജാവിന് നൃത്തം അറിയാമെന്ന കാര്യം അറിഞ്ഞപ്പോൾ പാണ്ഡ്യരാജാവിനും നൃത്തം അഭ്യസിക്കണമെന്നുള്ള ആഗ്രഹം ഉണ്ടായി. എങ്കിലും ശിവ ഭഗവാൻ ചെയ്യുന്ന നൃത്തംഅഭ്യസിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹത്തിന് തോന്നി. നൃത്തം അഭ്യസിച്ചാൽ സുന്ദരേശ ഭഗവാന് അപ്രീതി ഉണ്ടാകുമെന്ന സംശയം അദ്ദേഹത്തിനെ അസ്വസ്ഥനാക്കി. ദാസന്മാർ ചെയ്യുന്ന തെറ്റ് ഭഗവാൻ ക്ഷമിക്കുമെന്ന വിശ്വാസത്താൽ നൃത്തം പഠിക്കുവാൻ തുടങ്ങി. അതുകൊണ്ട് അല്പ നേരം കാൽ പെക്കി നിന്നു.
അത് രാജാവിനെ ക്ലേശിപ്പിച്ചു.അപ്പോൾ അദ്ദേഹം ഇങ്ങനെ ചിന്തിച്ചു.എല്ലായെപ്പേഴും ഒരു കാൽ പൊക്കി നൃത്തം ചെയ്യുന്ന ശിവഭഗവാന് എത്ര മാത്രം ക്ലേശമായിരിക്കും ഉണ്ടാകുന്നത്! ഉണ്ടായാൽ തന്നെ ഭഗവാൻ അതെല്ലാം സഹിക്കുമായിരിക്കും.’ ഇങ്ങനെ ചിന്തിച്ചുകൊണ്ട് നൃത്തം അഭ്യസിക്കുവാൻ തുടങ്ങി.
ഒരു ശിവരാത്രി ദിനത്തിൽ പതഞ്ജലിയുടെ അഭ്യർത്ഥന പ്രകാരം ശിവഭഗവാൻ താണ്ഡവമാടിയ സഭയിൽ രാജാവ് ആഗതനായി അവിടെയുള്ള നടരാജനെ പ്രണമിച്ച് പഞ്ചാക്ഷരം ജപിച്ചുകൊണ്ട് ഒരിടത്ത് ഇരുന്നു. അപ്പോൾ നൃത്തം പഠിക്കുവാൻ ഉണ്ടായ ക്ലേശത്തെക്കുറിച്ച് രാജാവ് സ്മരിച്ചു. ശിവഭക്തനായ അദ്ദേഹം ഇങ്ങനെ ശപഥം ചെയ്തു.
‘പരമാനന്ദ മഹാതാണ്ഡവമാടുന്ന ഭഗവാനെ! പരമേശ്വരാ!! (സൃഷ്ടി,സ്ഥിതി,സംഹാരം,അനുഗ്രഹം,തിരോഭാവം) പഞ്ചകൃത്യങ്ങൾ അനുഷ്ഠിക്കുന്നവനേ! നടേശ്വര! ഒരുകാൽ മാത്രം പൊക്കി വളരെക്കാലമായി ഭഗവാൻ താണ്ഡവമാടുന്നുണ്ടല്ലോ ഒരു കാൽ മാത്രം നൃത്തം ചെയ്താൽ വളരെ ദുഃഖമുണ്ടാകുമെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. അതുകൊണ്ട് അങ്ങ് പൊക്കിയ കാൽ നിലത്ത് വച്ച് മറ്റേകാൽ പൊക്കി നൃത്തം ചെയ്താലും. ഇന്ന് അങ്ങനെ നൃത്തം ചെയ്തില്ലെങ്കിൽ ഞാൻ എന്റ ശിരസ്സ് വാൾകൊണ്ട് വെട്ടും’ഈ പ്രതിജ്ഞ എടുത്ത ശേഷം ശരീരസ്‌നേഹം ഉപേക്ഷിച്ച് വാളെടുത്ത് നിന്നു.പാണ്ഡ്യരാജാവിന്റ ഭക്തി പാരവശ്യം കണ്ടപ്പോൾ പതഞ്ജലിയുടെ മുമ്പിൽ നൃത്തം ചെയ്ത നടേശ്വരൻ നൃത്തം ചെയ്യാൻ തുടങ്ങി. ഊന്നിയ വലത്കാൽ പൊക്കിയും ഇടതുകാൽ ഊന്നിയും ‘തദ്ധിമിധ്ദ്ധിമിദ്ധിന്താംധിമിധിമി’ എന്ത് വ്യത്യസ്ത നൃത്തം ചെയ്തു. അപ്പോൾ ബ്രഹ്മദേവനും വിഷണു ദേവനും മറ്റു ദേവന്മാരും അവിടെ വന്നു ചേർന്നു.ഗന്ധർവന്മാർ പാടുകയും അപ്‌സരസ്ത്രീകൾ നൃത്തം ചെയ്യുകയും മദ്ദളമടിക്കുകയും ചെയ്തു. ചിലർ ഭഗവാനിൽ പുഷ്പവർഷം ചൊരിഞ്ഞ് ആനന്ദത്തിലാറാടി. പലരും താളം പിടിച്ച് സന്തോഷിച്ചു.
ധന്യനായ രാജാവും ഈശ്വരദർശത്തിനെത്തിയ ഭക്തരും വ്യത്യസ്ത താണ്ഡവം കണ്ട് സന്തോഷിച്ചു. പൂജ,നൃത്തം,ധ്യാനം,സ്തുതികൾ,പഞ്ചാക്ഷരജപം,ജയകാഹള ശബ്ദം തുടങ്ങിയവയാൽ അവിടം ഭക്തിനിർഭരമായി. ഈ അവസ്ഥ വാക്കുകൾ കൊണ്ട് വർണ്ണിക്കാവുന്നതല്ല. ഭക്താഗ്രണിയായ രാജശേഖര പാണ്ഡ്യൻ നടരാജസമീപം ചെന്ന് ഭഗവാനെ സ്തുതിച്ചു. അതിനുശേഷം അനേകം പ്രാവശ്യം പ്രണമിക്കുകയും ‘ഞാൻ ധന്യനായി’ എന്ന പറഞ്ഞ് എഴുന്നേല്ക്കുകയും ചെയ്തു. തുടർന്നു ഇങ്ങനെ പ്രാർത്ഥിച്ചു.
“സുന്ദരേശ്വരാ!ഭക്തരെ അനുഗ്രഹിക്കുവാൻ ഇടതുകാൽ ഉയർത്തികൊണ്ട് അങ്ങ് നൃത്തം ചെയ്യുന്നത് ഭൂമിയിലെ പലക്ഷേത്രങ്ങളിലും കാണാം.ഇങ്ങനെയൊരു വ്യത്യസ്ത താണ്ഡവം ഭൂമിയിൽ ഒരിടത്തും കാണില്ല അങ്ങനെ ഈ നൃത്തം ചെയ്ത ഇവിടെ അങ്ങയുടെ സാന്നിദ്ധ്യം ഉണ്ടാകണം.”
ഭക്തന്റ അഭ്യർത്ഥന ഭക്ത വത്സലനായ ഭഗവാൻ സ്വീകരിച്ചു. ഈശ്വരന് തന്നോടുള്ള വാൽസല്യം ഓർത്ത് രാജാവ് ഏറെ സന്തോഷിച്ചു.ഛത്രചാമരങ്ങളും രത്‌നസിംഹാസനങ്ങളും മുത്തുമാലയും രാജാവ് ഭക്തിയോടുകൂടി സമർപ്പിച്ചു. അന്നുമുതൽസുന്ദരേശവരഭഗവാൻ.’വ്യത്യസ്ത നൃത്തകർത്താവ്’ എന്നറിയപ്പെടുന്നു.
വ്യത്യസ്ത നടേശനെ ധ്യാനിക്കുന്നവർക്ക് സകലാഭിഷ്ടങ്ങളും പെട്ടെന്ന തന്നെ സാധിക്കും മാത്രമല്ല ,സകല പാപങ്ങളും നശിക്കുകയും ചെയ്യും
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
അടുത്ത ഹാലാസ്യ മാഹാത്മ്യം25 – വിപ്രപത്‌നീനിധനം
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/
Comments