വാണ്ടർലസ്റ്റ് എന്ന ഓൺലൈൻ ഇവന്റിലാണ് ഐഫോൺ 15 സീരീസ് അവതരിപ്പിച്ചത്. പ്രഖ്യാപനം മുതൽ തന്നെ വളരെ വലിയ സ്വീകാര്യതയാണ് ആപ്പിളിന്റെ ഈ പുതിയ സീരീസിന് ലഭിച്ചത്. ഇത് കൈക്കലാക്കാനുള്ള കാത്തിരിപ്പിലാണ് ഐഫോൺ പ്രേമികൾ. ഇപ്പോഴിതാ ഐഫോൺ 15 സീരീസിന്റെ പ്രീ ഓർഡർ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനി.
ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ്, ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്രാ 2 എന്നിവയാണ് പ്രീ ബുക്കിംഗിലൂടെ ലഭിക്കുക. ഇന്നലെ വൈകിട്ട് 5.30 മുതൽ ഐഫോൺ 15 സീരീസിന്റെ ഓൺലൈൻ പ്രീ ഓർഡറിന് കമ്പനി തുടക്കമിട്ടു. സെപ്റ്റംബർ 22-നാണ് വിൽപ്പന ആരംഭിക്കുക. രാജ്യത്ത് ഡൽഹിയിലും മുംബൈയിലും ആപ്പിൾ ഔദ്യോഗിക സ്‌റ്റോറുകൾ ഉദ്ഘാടനം ചെയ്തതിന് ശേഷമുള്ള ആദ്യ ഐഫോൺ ലോഞ്ചാണിത്.
അടിസ്ഥാന മോഡൽ ആയ ഐഫോൺ 15-ന് രാജ്യത്ത് 79,900 രൂപ മുതലാണ് വില. ഐഫോൺ 15 പ്ലസ് 128 ജിബി വേരിയന്റിന് 89,900 രൂപയാണ് വില. ഐഫോൺ 15 പ്രോയുടെ 128 ജിബി മോഡലിന് 1,34,900 രൂപയാണ് വില. ഐഫോൺ 15 പ്രോ മാക്‌സിന്റെ 256 വേരിയന്റിന് 1,59,900 രൂപയാണ് വില. പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.















