ചെന്നൈ: തമിഴ്നാട്ടിൽ ഷവർമയിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് 14 വയസ്സുകാരി മരിച്ചു. മാതാപിതാക്കൾക്കൊപ്പം ഞായറാഴ്ചയാണ് പെൺകുട്ടി നാമക്കലിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിലെത്തി ഭക്ഷണം കഴിച്ചത്. ഷവർമ്മ കഴിച്ച് വീട്ടിലെത്തിയതിന് പിന്നാലെ കുട്ടിയ്‌ക്ക് അസ്വസ്ഥതയുണ്ടാകുകയായിരുന്നെന്ന് കുടുംബം പറഞ്ഞു.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച കുട്ടിയുടെ ആരോഗ്യനില മോശമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഇതേ റസ്‌റ്റോറന്റിൽ നിന്ന് നോൺ വെജ് ഭക്ഷണം കഴിച്ച 13 മെഡിക്കൽ വിദ്യാർത്ഥികൾക്ക് അസ്വസ്ഥതകളുണ്ടായെന്നും എല്ലാവരും ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു. ഇതോടെ ജില്ലാ ഭരണകൂടം റെസ്റ്റോറന്റ് അടപ്പിച്ചു.
വിവരമറിഞ്ഞയുടൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് റസ്റ്റോറന്റ് റെയ്ഡ് ചെയ്ത് ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ചികിത്സയിലുള്ള മറ്റുള്ളവർ ഷവർമ കൂടാതെ തന്തൂരി ചിക്കനും, ഗ്രിൽഡ് ചിക്കനുമൊക്കെ കഴിച്ചിട്ടുണ്ട്. ചിക്കൻ വാങ്ങിയത് എവിടെ നിന്നാണെന്നടക്കം അധികൃതർ അന്വേഷിച്ച് വരികയാണ്.















