വനിതാ സംവരണ ബില്ലിനെ അനുകൂലിച്ച് കങ്കണ റണാവത്ത്. രാജ്യം ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ് എന്നായിരുന്നു കങ്കണയുടെ പ്രതികരണം. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് കങ്കണ ഇത് പറഞ്ഞത്. ബില്ല് നിയമമാകുന്നതോടെ സ്ത്രീകൾക്കുണ്ടാകുന്ന നേട്ടങ്ങളെയും കങ്കണ ഉയർത്തികാണിക്കുന്നുണ്ട്. പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനം സ്ത്രീശാക്തീകരണത്തിനും ഉന്നമനത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്നു എന്നും പ്രധാനമന്ത്രി സ്ത്രീകൾക്ക് മുൻഗണന നൽകിയെന്നും നടി പറഞ്ഞു.
നാമെല്ലാവരും ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കുന്നു.ഇത് പെൺകുട്ടികളുടെ കാലമാണ് കാരണം, ഇനി പെൺഭ്രൂണഹത്യ ഉണ്ടാകില്ല. ഇത് യുവതികളുടെ കാലമാണ്. കാരണം, സുരക്ഷയ്‌ക്കും സംരക്ഷണത്തിനും ഇനി പുരുഷന്മാരെ ആശ്രയിക്കേണ്ടിവരില്ല. മധ്യവയസ്‌കരായ സ്ത്രീകളെയും രാഷ്‌ട്രം ഇനി പരിഗണിക്കും മൂല്യച്യുതി അവസാനിച്ചുക്കഴിഞ്ഞു. പ്രായമായ സ്ത്രീകളുടെ ജ്ഞാനവും അനുഭവവും ലോകത്തിന് ആവശ്യമാണ്. നിങ്ങളുടെ സമയം വന്നുക്കഴിഞ്ഞു. ഈ പുതിയ ലോകത്തിലേക്ക് സ്വാഗതം. നാം സ്വപ്‌നം കണ്ട ഭാരതത്തിലേക്ക് സ്വാഗതം- കങ്കണ റണാവത്ത് പറഞ്ഞു.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ 128-ാം ഭേദഗതിയായാണ് ബിൽ അവതരിപ്പിച്ചത്. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്നതാണ് ബിൽ. പുതിയ പാർലമെന്റിൽ ഒത്തുചേർന്ന ആദ്യ ലോക്സഭയിലായിരുന്നു ബിൽ അവതരിപ്പിക്കപ്പെട്ടത്. വർഷങ്ങളായുള്ള പരിശ്രമത്തിനാണ് ബിൽ പ്രാബല്യത്തിലാകുന്നതോടെ പരിസമാപ്തിയിലെത്തുന്നത്.
Comments