മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അടിപിടി ജോസ്. മമ്മൂട്ടിയാണ് അടിപിടി ജോസെന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് അടിപിടി ജോസ്.
ഇത്തവണ മമ്മൂട്ടി നയൻതാര കോമ്പോയുമായാണ് സംവിധായകൻ വൈശാഖ് എത്തുന്നതെന്നാണ് സൂചന. രാപ്പകൽ, തസ്കരവീരൻ, പുതിയ നിയമം, ഭാസ്കർ ദി റാസ്കൽ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചിട്ടുണ്ട്. ഇന്ദുലേഖ എന്നാണ് നയൻതാരയ്‌ക്കായി ആലോചിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നുണ്ട്. എന്നാൽ ചിത്രത്തിന് അടിപിടി ജോസും ഇന്ദുലേഖയും എന്ന പേരിടാനും അണിയറപ്രവർത്തകർ ആലോചിക്കുന്നുണ്ട്.
ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി – വൈശാഖ് ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ 23നാണ് ആരംഭിക്കുന്നത്. മമ്മുട്ടി നായകനാകുന്ന തെലുങ്ക് ചിത്രം യാത്ര-2 വിന്റെ 15 ദിവസത്തെ ചിത്രീകരണത്തിൽ പങ്കെടുത്ത ശേഷാമാകും താരം അടിപിടി ജോസിന്റെ ലൊക്കേഷനിൽ എത്തുന്നത്. കൊച്ചി, ഇടുക്കി, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ സിനിമയാണിത്. ആർഡിഎക്സിന് സംഘട്ടനമൊരുക്കിയ അൻപ് അറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസാണ്.
Comments