ആരോഗ്യരംഗത്ത് പുത്തൻ മാറ്റത്തിനൊരുങ്ങി ഗൂഗിൾ. ലക്ഷക്കണക്കിന് ആളുകളെ വലയ്‌ക്കുന്ന ക്യാൻസർ എന്ന മഹാരോഗത്തെ ചെറുക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കഴിവുള്ള മൈക്രോസ്‌കോപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് ടെക് ഭീമനായ ഗൂഗിൾ. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫെൻസുമായി ചേർന്ന് ‘ഓട്ടോമേറ്റഡ് ക്യാൻസർ ഡിറ്റക്ഷൻ മൈക്രോസ്‌കോപ്പ്’ എന്ന് ഉപകരണമാണ് വികസിപ്പിക്കുന്നത്. എഐ അധിഷ്ഠിതമായ മൈക്രോസ്‌കോപ്പ് ഡോക്ടർമാരുടെ ജോലി ലളിതമാക്കാൻ സഹായിക്കും.
ഓഗ്മെന്റഡ് റിയാലിറ്റി മൈക്രോസ്‌കോപ്പ് (എആർഎം) 2018-ലാണ് ആദ്യമായി ഗൂഗിൾ അവതരിപ്പിക്കുന്നത്. മെഷീൻ ലേണിംഗ് അൽഗോരിതം വഴി ഡാറ്റ എങ്ങനെ ഓട്ടോമാറ്റിക്കായി ഡാറ്റ സൃഷ്ടിക്കുമെന്നും ഈ ഉപകരണം പത്തോളജിസ്റ്റുകൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നതിനെ കുറിച്ചും വ്യക്തമാക്കുന്ന റിപ്പോർട്ടും ഗൂഗിൾ പുറത്തുവിട്ടിരുന്നു. ഇത്തരത്തിൽ 13 എആർഎമ്മുകളാണ് നിലവിലുള്ളത്. ക്ലിനിക്കുകൾക്കും ആശുപത്രികൾക്കും ഇത് എങ്ങനെ പ്രയോജനപ്രദമാകുമെന്ന് പരിശോധിച്ച് വരികയാണ്. രൂപരേഖകൾ, ഹീറ്റ്മാപ്പുകൾ, ആനിമേഷനുകൾ, ഒബ്ജക്റ്റുകളെ കണ്ടെത്തൽ, അളവ് അല്ലെങ്കിൽ വർഗ്ഗീകരണം എന്നിവ പോലുള്ള വിഷ്വൽ ഡാറ്റ നൽകാൻ എഎംആറിന് കഴിയും. നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലിനിക്ക് ഡോക്ടർമാർക്ക് മികച്ച സേവനം നൽകുകയാണ് ഉപകരണം കൊണ്ട് ഗൂഗിൾ ലക്ഷ്യം വെക്കുന്നത്.
മുൻകൂട്ടി രോഗനിർണയം നടത്താനും ശരിയായ രീതിയിൽ ചികിത്സ ഉറപ്പാക്കാനും എആർഎമ്മിന് കഴിയും. ഗുരുതരമായ അർബുദത്തെ ചികിത്സിക്കുന്നതിനും കണ്ടെത്തുന്നതിനുമായി വളരെ പരിമിതമായ സംവിധാനങ്ങൾ മാത്രമാണ് നിലവിലുള്ളത്. എന്നാൽ എഎംആർ എത്തുന്നതോടെ ക്യാൻസർ രോഗനിർണയത്തിൽ സുപ്രധാന ചുവടുവെപ്പാകും. നിലവിൽ ഇതിന്റെ യഥാർത്ഥ വില ഗൂഗിൾ വെളിപ്പെടുത്തിയിട്ടില്ല. പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ശേഷം ഉടൻ ലഭ്യമാക്കിയേക്കാം. ഏകദേശം 90,000 ഡോളർ മുതൽ 1,00,000 ഡോളർ വരെയാകും എഎംആറിന്റെ വിലയെന്നാണ് വിവരം.















