പാലക്കാട്: തിരുവോണം ബംപർ ഒന്നാം സമ്മാനം ലഭിച്ചയാളെ ഇതുവരെയും കണ്ടെത്താനായില്ല. അന്നൂർ സ്വദേശിയായ നടരാജൻ ഇതുവരെയും ഏജന്ജസിയുമായി ബന്ധപ്പെട്ടിട്ടില്ല. വാളയാറിലെ ഏജൻസിയിൽ നിന്ന് ടിക്കറ്റ് വാങ്ങിയത് ഗോകുൽ നടരാജൻ എന്ന ആളാണ്. തമിഴ്മാദ്ധ്യമങ്ങളിൽ വിജയിയെന്ന് അവകാശപ്പെട്ട് പ്രത്യക്ഷപ്പെട്ട വ്യക്തിയ്‌ക്ക് ടിക്കറ്റ് ഹാജരാക്കാനും സാധിച്ചിട്ടില്ല.
പാലക്കാട് വളയാറിൽ നിന്നുമാണ് നാല് ദിവസം മുൻപ് ടിഇ 230662 ടിക്കറ്റ് തമിഴ്നാട് സ്വദേശി നടരാജൻ വാങ്ങിയത്. ടിക്കറ്റ് വിറ്റത് കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണെന്നും ഇയാൾ 10 ടിക്കറ്റ് വാങ്ങിയെന്നുമാണ് വിവരം. കോഴിക്കോട് പാളയത്തെ ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബ എസ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത്. പാലക്കാട് വളയാറിലെ സഹോദര സ്ഥാപനമാണ് ബാവ. വലിയ സന്തോഷമെന്ന് വാളയാറിൽ ഓണം ബംബർ വിറ്റ ലോട്ടറി ഏജൻസി ഉടമ ഗുരുസ്വാമി പറഞ്ഞു.
തിരുവോണം ബംപർ വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് സംസ്ഥാനത്ത് ഒന്നാമതായത്. ജില്ലയിൽ വിറ്റത് 1170050 ടിക്കറ്റുകളാണ്. ടിക്കറ്റ് വിൽപ്പനയിലൂടെ 46.80 കോടി രൂപയാണ് ലഭിച്ചത്. രണ്ടാം സമ്മാനം 1 കോടി വീതം 20 പേർക്കും, മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കുമാണ് ലഭിച്ചത്.















