കണ്ണിറുക്കിയും കെട്ടിപ്പിടിച്ചും ഫ്ളൈയിംഗ് കിസ് കൊടുത്തും നാടകീയമായി പ്രതികരിച്ചുകൊണ്ട് ശ്രദ്ധിക്കപ്പെടാൻ ശ്രമിക്കാറുള്ള കോൺഗ്രസ് നേതാവാണ് രാഹുൽ. അക്കൂട്ടത്തിലേക്ക് പുതിയൊരു സംഭാവനയെന്നോണം രാഹുലിന്റെ ‘സ്യൂട്ട്കേസ് പ്രകടനവും’ എക്സിൽ തരംഗമാവുകയാണ്. ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ പോർട്ടറുമാരുമായി കൂടിക്കാഴ്ച നടത്തി, അവരുടെ പക്കലുള്ള സ്യൂട്ട്കേസ് കേസ് വാങ്ങി തലയിൽ ചുമക്കുന്ന ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
റെയിൽവേ പോർട്ടറുമാർ നൽകിയ ചുവന്ന ഷർട്ടും ബാഡ്ജും ധരിച്ചായിരുന്നു രാഹുലിന്റെ പ്രകടനം. ആൾക്കൂട്ടത്തിനിടയിൽ തല ചുമടായാണ് രാഹുൽ സ്യൂട്ട്കേസ് ചുമന്നത്. നാല് ചക്രങ്ങളുള്ള, നീല നിറത്തിലുള്ള സ്യൂട്ട്കേസുമായി നടന്ന് നീങ്ങുന്ന രാഹുലിന്റെ ചിത്രവും വീഡിയോയുമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
നിരന്തരമായുള്ള പ്രകടനങ്ങളിലൂടെ രാഹുൽ താരമാകാനാണ് ശ്രമിക്കുന്നതെന്ന തികഞ്ഞ പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഇതോടെ ഉയരുന്നത്. ചക്രങ്ങളുള്ള സ്യൂട്ട്കേസ് ബോധമുള്ള ഒരാളും തലയിൽ ചുമക്കില്ലെന്നും ഇത്രയും വലിയ മണ്ടത്തരം രാഹുൽ മാത്രമാണ് ചെയ്യുകയുള്ളൂവെന്നാണ് ബിജെപി മുതിർന്ന നേതാവ് അമിത് മാളവ്യ പരിഹസിച്ചത്. സ്യൂട്ട്കേസുമായി നിൽക്കുന്ന വൈറൽ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
അദ്ദേഹം റെയിൽവേ സ്റ്റേഷനിൽ വൈകിയെത്തിയിട്ടില്ലെന്ന് വ്യക്തം. യാത്രക്കാരുടെയും പോർട്ടർമാരുടെയും സൗകര്യാർത്ഥം എസ്കലേറ്ററോ റാമ്പുകളോ സജ്ജമാക്കിയിട്ടുള്ള ഇടമാണ് ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷൻ. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഇത് തികച്ചും നാടകീയ പ്രകടനങ്ങൾ മാത്രമാണെന്ന് സാമാന്യ വിവരമുള്ള ഏതെരാൾക്കും വ്യക്തമാകുന്ന കാര്യമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.