കൊച്ചി: ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം നേടുമെന്ന് മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐഎം വിജയൻ. പുതിയ നിരവധി യുവതാരങ്ങൾ ഉൾപ്പെടുന്ന ടീമിൽ തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും ഐഎം വിജയൻ വ്യക്തമാക്കി. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലാണ് ഐ.എസ്.എൽ പത്താം സീസണ് തുടക്കമാകുന്നത്. ഇന്ന് രാത്രി എട്ടിനാണ് മത്സരം. ബംഗളൂരു എഫ്സിയുമായിട്ടാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യകളി. സ്പോർട്സ് 18, ജിയോ സിനിമ, സൂര്യ മൂവീസ് എന്നിവയിൽ മത്സരം കാണാം. ഇത്തവണ വലിയ അഴിച്ചുപണികളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലിൽ ഇറങ്ങുന്നത്.
അതേസമയം ബ്ലാസ്റ്റേഴ്‌സിന് തന്ത്രങ്ങളൊരുക്കാൻ പരിശീലകൻ ഇവാൻ ഇന്ന് ടീമിനൊപ്പമുണ്ടാകില്ല. വിവാദ പ്ലേ ഓഫ് മത്സരത്തിൽ ടീമിനെ കളിക്കളത്തിൽ നിന്ന് പിൻവലിച്ച പരിശീലകനെ 10 മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു. ഇത് കഴിയാൻ ഇനിയും നാല് മത്സരങ്ങൾ കൂടിയുണ്ട്. വിവാദ നായകൻ ഛേത്രിയും ഏഷ്യൻ ഗെയിംസിനായി ചൈനയിലാണ്.