സായ് സൂര്യ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രമായ മായാവനത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി ഉണ്ണി മുകുന്ദൻ. ഡോ. ജഗത് ലാൽ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പുറത്തിറക്കിയത്.
ആക്ഷൻ-സർവൈവൽ ജോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഷൊർണൂർ, വാഗമൺ എന്നിവിടങ്ങളിലായി പൂർത്തിയായി. പുതുമുഖം ആദിത്യ സായ് നായകനാകുന്ന ചിത്രത്തിൽ അലൻസിയർ, ജാഫർ ഇടുക്കി, സെന്തിൽ കൃഷ്ണ, സുധി കോപ്പ, ശ്രീകാന്ത് മുരളി, അരുൺ ചെറുകാവിൽ, ഗൗതം ശശി, ആമിന നിജാം, ശ്യാംഭവി സുരേഷ്, റിയാസ് നെടുമങ്ങാട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങിലെത്തുന്നു.
ഒരു മെഡിക്കൽ കോളേജിലെ നാല് വിദ്യാർത്ഥികളുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് മായാവനം പറയുന്നത്. ഡോ. ജഗത് ലാൽ ചന്ദ്രശേഖർ തന്നെയാണ് ചിത്രത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദാണ് ഗാനരചന.