ആരോഗ്യകരമായ ജീവിതം മുന്നോട്ട് നയിക്കുന്നതിനായി നാം ചിലപ്പോഴൊക്കെ ജീവിത ശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്താറുണ്ട്. ഇപ്പോൾ പ്രായഭേദമന്യേ കാണുന്ന ഒന്നാണ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ. ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് ഉറക്കക്കുറവ്. ഉറക്കക്കുറവ് അനുഭവപ്പെട്ടാൽ ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനും അമിതമായി ശരീരഭാരം വർദ്ധിക്കുന്നതിനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഉൾപ്പെടെ കാരണമായേക്കാം.
ഉറക്കമില്ലായ്മ ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇത് അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നമ്മെ നയിച്ചേക്കാമെന്നും പഠനങ്ങളിൽ പറയുന്നു. ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്ന മുതിർന്നവർക്ക് ഹൃദയാഘാതം, വിഷാദം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉൾപ്പെടെ ഉണ്ടായേക്കാം. ഉറക്കമില്ലായ്മ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്‌ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഇതിന് പുറമേ സ്ഥിരമായ ഉറക്കമില്ലായ്മ രക്തസമ്മർദ്ദത്തിന്റെ അളവ് വർദ്ധിപ്പിച്ചേക്കാം. ഇത് പതിയെ ഹൃദയസ്തംഭനത്തിനും വൃക്ക സംബന്ധമായ രോഗങ്ങൾക്കും വരെ കാരണമായേക്കാം. മുതിർന്നവർ രാത്രിയിൽ ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെയെങ്കിലും ഉറങ്ങണമെന്ന് പഠനങ്ങൾ പറയുന്നു.
ഉറക്കത്തിൽ ശരീരം മെച്ചപ്പെടുത്താൻ ശ്രമിക്കും. മതിയായ ഉറക്കം രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളെ സാധാരണ നിലയ്‌ക്കാക്കുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോൾ ശരീരം സ്വയം കൂടുതൽ സ്‌ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഇത് പിന്നീട് രക്തക്കുഴലുകളെ പരിമിതപ്പെടുത്തി രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നു. അവധി ദിനങ്ങളിലും മറ്റ് ദിവസങ്ങളിലും ഒരേസമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും ശ്രമിക്കുക. ഇത് ബോഡിക്ലോക്കിനെ സ്ഥിരമായ താളത്തിലേക്ക് ക്രമീകരിക്കാൻ സഹായിക്കുകയും ശരിയായ രീതിയിൽ ഉറങ്ങാനും സഹായിക്കും. സ്ഥിരമായി ഉറക്കക്കുറവ് അനുഭവപ്പെടുന്നുവെങ്കിൽ ഡോക്ടറെ കാണുക.