തിരുവനന്തപുരം: നിപിഐ നിയന്ത്രണത്തിലുള്ള കണ്ടല സഹകരണ ബാങ്കിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ ഭാസുരാംഗനിൽ നിന്ന് 5.11 കോടി രൂപ ഈടക്കാൻ സഹകരണ സംഘം ഇൻസ്പെക്ടറുടെ റിപ്പോർട്ട്. മുൻ പ്രസിഡന്റിനും അയാളുടെ ബന്ധുക്കൾക്കും ബാങ്കിലെ ജീവനക്കാർക്കും അവരുടെ ബന്ധുക്കൾക്കുമെല്ലാമായി 34.43 കോടി രൂപയാണ് അന്യായമായി വായ്പ നൽകിയിരിക്കുന്നത്. തട്ടിപ്പ് വ്യക്തമായതിന്റെ പശ്ചാത്തലത്തിൽ ഭരണസമിതി അംഗങ്ങളിൽ നിന്നും പലിശ സഹിതം ഈടാക്കണമെന്നാണ് സഹകരണസംഘം ഇൻസ്പെക്ടറുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ നിക്ഷേപ ചോർച്ചയ്‌ക്ക് കാരണം ഭരണസമിതി അംഗങ്ങളുടെ വഴിവിട്ട സാമ്പത്തിക ഇടപെടലാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 101 കോടിയോളം രൂപയാണ് നിക്ഷേപകരിൽ നിന്നും നഷ്ടപ്പെട്ടത്. നിയമ വിരുദ്ധ പ്രവൃത്തികളിലൂടെ മാത്രം 57.24 കോടി രൂപ നഷ്ടപ്പെട്ടു. പതിറ്റാണ്ടുകളോളം പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന സിപിഐ നേതാവ് ഭാസുരാംഗനും ഇയാളുടെ ബന്ധുക്കളും 35 കോടി രൂപ ബാങ്കിൽ നിന്നും അനധികൃതമായി വായ്പ എടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ബാങ്കിന്റെ തകർച്ചയ്‌ക്ക് കാരണമായി സഹകരണ സംഘം ഇൻസ്പെക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സർക്കാർ നിശ്ചയിച്ച പലിശയേക്കാൾ ഉയർന്ന പലിശ നൽകി നിക്ഷേപം സ്വീകരിച്ചെന്നും നിക്ഷേപം വകമാറ്റി നിക്ഷേപകർക്ക് കോടികൾ പലിശ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമവിരുദ്ധ പ്രവൃത്തികളിലൂടെ ബാങ്കിനുണ്ടായ നഷ്ടം ഭരണസമിതി അംഗങ്ങളും സെക്രട്ടറിമാരും തിരികെ നൽകണം. 2003 മുതലുള്ള ഭരണസമിതി അംഗങ്ങളും സെക്രട്ടറിമാരുമാണ് ഇത്തരത്തിൽ തിരികെ നൽകേണ്ടത്. കുറ്റക്കാർക്കെതിരെ സഹകരണ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.