വാഷിംഗ്ടൺ: യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ‘ഭാരതത്തിന്റെ നമസ്‌കാരം’ (Namaste from Bharat) എന്ന് അഭിസംബോധന ചെയ്താണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. വിശ്വാസം, ആഗോള ഐക്യദാർഢ്യം എന്നിവ പുനഃസ്ഥാപിക്കുകയെന്ന യുഎൻ ജനറൽ അസംബ്ലിയുടെ പ്രമേയത്തിന് ഭാരതത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. നമ്മുടെ അഭിലാഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം നമ്മുടെ നേട്ടങ്ങളുടെയും വെല്ലുവിളികളുടെയും കണക്കെടുക്കാനുള്ള അവസരമാണിത്. രണ്ട് കാര്യങ്ങളിലും ഇന്ത്യയ്‌ക്ക് പറയാനേറെയുണ്ടെന്ന് അദ്ദേഹം പൊതുസഭയിൽ പറഞ്ഞു.
ലോകം അസാധാരണമായ കാലഘട്ടത്തിലൂടെ കടന്ന് പോകുന്നതിനിടെയാണ് ഇന്ത്യ ജി20യുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന
പ്രമേയത്തിന് കീഴിൽ പല രാജ്യങ്ങളുടെയും ആശങ്കകൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിഞ്ഞു. വളർച്ചയും വികസനവും ഏറ്റവും ദുർബലരായവരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഭാരതം തിരിച്ചറിഞ്ഞു.
വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി വിളിച്ചു ചേർത്താണ് ഇന്ത്യ ജി20 അദ്ധ്യക്ഷപദവി ആരംഭിച്ചത്. ഇത് 125 രാജ്യങ്ങളെ നേരിട്ട് കേൾക്കാനും അവർക്ക് അവരുടെ ആശങ്കകൾ അറിയിക്കാനുമുള്ള വേദിയായി. ഭാരതം മുൻകൈയെടുത്താണ് ആഫ്രിക്കൻ യൂണിയന് ജി20യിൽ സ്ഥിരാംഗത്വം ലഭിച്ചത്. ഇതുവഴി ഒരു ഭൂഖണ്ഡത്തിന് മുഴുവനും ശബ്ദമുയർത്താനായെന്നും അദ്ദേഹം പറഞ്ഞു.