പരാജയങ്ങളിൽ അടിപതറാതെയും ആരെയും പഴിചാരാതെയും പ്രവർത്തിക്കുന്നതിനാൽ ഐഎസ്ആർഒ ഇന്നും മികവോടെ നേട്ടങ്ങൾ കൈവരിക്കുന്നുവെന്ന് എസ് സോമനാഥ്. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ 50-ാമത് വാർഷിക ദിനത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം പരാമർശിച്ചത്. താനും നിരവധി തവണ പരാജയങ്ങൾ നേരിട്ടിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ പോലും അതിന്റെ പേരിൽ വിമർശനങ്ങൾക്ക് ഇരയായിട്ടില്ലെന്നും ചന്ദ്രയാൻ-3യുടെ ദൗത്യത്തിന് നേതൃത്വം വഹിച്ച സോമനാഥ് പറഞ്ഞു.
പരാജയമെന്നത് ബഹിരാകാശ ദൗത്യങ്ങളുടെ സ്വാഭാവികമായ മറുവശമാണ്. എന്നാൽ ദൗത്യത്തിൽ പരാജയപ്പെട്ടു എന്നതിന്റെ പേരിൽ ഐഎസ്ആർഒയിൽ ഇതുവരെയും ഒരു വ്യക്തിയും വിമർശിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഇത് വീണ്ടും വാശിയോടെ പ്രവർത്തിക്കുന്നതിന് ശാസ്ത്രജ്ഞർക്ക് പ്രചോദനമാകുന്നുവെന്നും ഇസ്രോ മേധാവി പറഞ്ഞു.
ദൗത്യങ്ങളിൽ പാളിച്ചകൾ സംഭവിച്ചാൽ ഒരിക്കലും വ്യക്തികൾ ഇതിന്റെ ഫലം അനുഭവിക്കേണ്ടതായി വരാറില്ല. കാരണം ദൗത്യത്തിന്റെ തീരുമാനങ്ങളെല്ലാം തന്നെ കൂട്ടായി എടുക്കുന്നതാണ്. ഇതിനാൽ തന്നെ ദൗത്യവുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കാളികൾ ഭയപ്പെടാറില്ല. ദൗത്യത്തിൽ സംഭവിക്കുന്ന പരാജയങ്ങൾ ഒരു പ്രക്രിയയുടെ ഭാഗം മാത്രമാണെന്നും പാളിച്ചയുടെ വ്യക്തമായ കാരണങ്ങൾ കണ്ടെത്തി തിരുത്തലുകൾ വരുത്തുക എന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.