ബലൂച്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചാവേറാക്രമണം. മസ്തുംഗ് ജില്ലയിലെ മസ്ജിദിന് സമീപമുണ്ടായ പൊട്ടിത്തെറിയിൽ 50 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നബിദിനാഘോഷങ്ങളോടനുബന്ധിച്ച് റാലിക്കായി ഒത്തുകൂടിയവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരിൽ മസ്തുംഗ് ഡിഎസ്പി നവാസ് ഗഷ്‌കോരിയും ഉൾപ്പെടുന്നുവെന്നാണ് വിവരം. പരിക്കേറ്റവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സെപ്റ്റംബർ മാസത്തിൽ മസ്തുംഗ് ജില്ലയിൽ മാത്രം നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. നേരത്തെയുണ്ടായ സ്‌ഫോടനത്തിൽ ജാമിഅത്ത് ഉലമ ഇ ഇസ്ലാം ഫസുൾ നേതാവ് ഹഫീസ് ഹംദുള്ള അടക്കം കൊല്ലപ്പെട്ടിരുന്നു.