നാലാം ചാന്ദ്രദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു. ചന്ദ്രയാൻ-3നെ സുരക്ഷിതമായി ചന്ദ്രോപരിത്തലത്തിലിറക്കിയ ഇസ്രോയാകും നാലാം ദൗത്യത്തിന്റെ ലാൻഡർ നിർമ്മിക്കുക. വിക്ഷേപണവും റോവറിന്റെ ഭാഗങ്ങളുടെ നിർമ്മാണവും പ്രവർത്തനവും നിയന്ത്രിക്കുന്നത് ജപ്പാന്റെ ബഹികാശ ഏജൻസിയായ ജാക്‌സ ആകും. ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യത്തെ പര്യവേക്ഷണം ചെയ്യുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
2025-ന് മുൻപായി ദൗത്യം ലക്ഷ്യത്തിലെത്തുമെന്നാണ് വിവരം. എച്ച്3 എന്ന റോക്കറ്റിനെ ദൗത്യത്തിനായി സജ്ജമാക്കാനാണ് ജാക്‌സ് പദ്ധതിയിടുന്നത്. റോവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് സൂചന. റോവറിന്റെ മികച്ച പ്രവർത്തനം ഉറപ്പാക്കുന്നതിനായി ചന്ദ്രോപരിത്തലത്തിലുള്ളതിന് സമാനമായ രീതിയിലുള്ള മണൽ തരികളിലൂടെ പ്രവർത്തിപ്പിച്ചും മറ്റും പരീക്ഷണങ്ങളും ശാസ്ത്രജ്ഞർ നടത്തി വരുന്നു. ഭാവിയിൽ മനുഷ്യന് ചന്ദ്രനിലെത്താൻ കഴിയും വിധത്തിലുള്ള പരീക്ഷണങ്ങളും പഠനങ്ങളുമാണ് നടത്തുന്നതെന്ന് റോവർ ഡെവലപ്മെന്റ് ടീമിലെ അംഗമായ നാറ്റ്സു ഫുജിയോക്ക പറയുന്നു.
വരുന്ന വർഷം ചന്ദ്രനിൽ വമ്പൻ ദൗത്യങ്ങളാണ് വരാനിരിക്കുന്നത്. ചന്ദ്രനിൽ ബഹിരാകാശയാത്രികരെ എത്തിക്കുന്ന ‘ആർട്ടെമിസ് 2’ 2024-ൽ വിക്ഷേപിക്കാനാണ് നാസ പദ്ധതിയിടുന്നത്. ചന്ദ്രന്റെ വിദൂര വശത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ ചചൈനയും പദ്ധതിയിടുന്നു. വരും വർഷങ്ങളിൽ വിവിധ രാജ്യങ്ങളാകും ചന്ദ്രനിൽ പര്യവേക്ഷണം ചെയ്യുക.